വടകര മേഖലയില്‍ ആര്‍.എം.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു
എടച്ചേരി/വടകര: ആര്‍.എം.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. വള്ളിക്കാട് മുതല്‍ ഓര്‍ക്കാട്ടേരി വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ഓര്‍ക്കാട്ടേരി ടൗണ്‍, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുമാണ് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ നശിപ്പിക്കപ്പെട്ടത്. മണപ്പുറം, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ആര്‍.എം.പി.ഐ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു വരെ ഹര്‍ത്താല്‍ ആചരിച്ചു. ആര്‍.എം.പി പ്രവര്‍ത്തകര്‍ പ്രധിഷേധ പ്രകടനവും നടത്തി.
ഏപ്രില്‍ 30ന് നടക്കുന്ന ഒഞ്ചിയം രക്തസാക്ഷി ദിനം, മെയ് നാലിനു നടക്കുന്ന ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം എന്നീ പരിപാടികളുടെ പരസ്യബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ വിപുലമായിട്ടാണ് ഈ വര്‍ഷം രണ്ടു പരിപാടികളും നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ നടന്നുവരുന്നതിനിടയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. ഏറാമല, ഒഞ്ചിയം മേഖലകളില്‍ ആര്‍.എം.പി.ഐ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ഉദ്ദേശ്യത്തോടെയാണ് സി.പി.എം അക്രമം നടത്തുന്നതെന്ന് ആര്‍. എം.പി ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇന്നലെ രാത്രി ചോറോട് പെരുവന വയലില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കമ്പവലി മത്സരം നടന്നിരുന്നു. ഇതുകഴിഞ്ഞശേഷം വന്നവരാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് ആര്‍.എം.പി.ഐ ആരോപിക്കുന്നു.
സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."