ശ്രീജിത്തും സ്വപ്നയും കേരളത്തോട് പറയുന്നത്
പുരാതന നാട്ടുരാജാക്കന്മാര്‍ പ്രജകളെ അടിയാളന്മാരായിട്ടാണ് കണ്ടിരുന്നത്. അവര്‍ക്ക് ശബ്ദമുണ്ടായിരുന്നില്ല. വേദനകളും വേവലാതികളും പറയാന്‍ അവകാശവുമുണ്ടായിരുന്നില്ല. നാടുവാഴിയുടെ ആര്‍ഭാടങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും നികുതി കൊടുക്കാനും പണിയെടുക്കാനും വിധിക്കപ്പെട്ട അടിമകള്‍. താഴേത്തട്ടില്‍ എത്തുമ്പോള്‍ അതു ജന്മിമാരായി രൂപാന്തരപ്പെട്ടു. അവരുടെ ഭാഷയും ശരീര ചലനങ്ങളും വേഷവും ഉടമസ്ഥ ഭാവം പ്രകടിപ്പിച്ചു. വലിയച്ഛന്റെ പ്രായമുണ്ടെങ്കിലും എടോ, താന്‍ എന്നൊക്കെയാണ് സംബോധന രീതി. വ്യക്തി ആരാധനാ കേന്ദ്രീകൃത ഏകാധിപതികള്‍ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചു മുന്നേറി. ആധുനിക മനുഷ്യര്‍ നേരിടേണ്ടിവന്ന ജന്മിത്ത ഭാവം കൈവരിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഫാസിസ്റ്റുകളും സ്വീകരിച്ച നിലപാട് മറ്റൊന്നല്ല. തല്ല് മേടിക്കാനും കൊടുക്കാനും കൊല നടത്താനും കൊല്ലപ്പെടാനും അനുയായികള്‍ ചാവേറുകളായി അധഃപതിച്ച രാഷ്ട്രീയം. നൈതികത അവരുടെ നിഘണ്ടുവിലില്ല. അരിയില്‍ ഷുക്കൂറിനെ പാടത്ത് വളഞ്ഞുവച്ച് മണിക്കൂറുകള്‍ ഭേദ്യം ചെയ്തു പച്ചയായി തല്ലിക്കൊന്നപ്പോള്‍ പ്രതികരിക്കാന്‍ ഭയന്നു കാഴ്ചക്കാരായി സഖാക്കള്‍ നിന്നത് രാഷ്ട്രീയ ജന്മികളെ ഭയന്നായിരുന്നു.
പാലത്തായിലെ കൊച്ചു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ബി.ജെ.പി നേതാവ് പപ്പന്‍ മാസ്റ്റര്‍ ജാമ്യത്തിലിറങ്ങി. പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും നിയമോപദേശം ലഭിച്ചിട്ടും ശ്രീജിത്ത് എന്ന പൊലിസ് ഉന്നതന്‍ പ്രതിക്കെതിരേ പോക്‌സോ ചുമത്തിയില്ല. പരമാവധി പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുള്ള വകുപ്പ് ചേര്‍ത്ത് എഫ്.ഐ.ആര്‍ തയാറാക്കി. നിയമപാലകര്‍ നീതി നിഷേധിക്കുന്നത് ഇന്ത്യയില്‍ സര്‍വസാധാരണമായിട്ടുണ്ട്. ഡല്‍ഹി മുസ്‌ലിം വംശീയ ഉന്മൂലനത്തിന് നേതൃത്വംവഹിച്ച പൊലിസുദ്യോഗസ്ഥര്‍ ഇപ്പോഴും ശമ്പളം പറ്റി സസുഖം ഡ്യൂട്ടിയില്‍ കഴിയുന്നു. ഡല്‍ഹിയില്‍ ഇരകള്‍ നല്‍കിയ മൊഴികള്‍ രേഖപ്പെടുത്താതെയാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. വിരമിച്ചാല്‍ ഐ.ജി ശ്രീജിത്തിന് സി.പി.എമ്മിലോ, ആര്‍.എസ്.എസിലോ പദവി ഉറപ്പ്. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി കരാറൊപ്പിട്ടിട്ടുണ്ടാവാനിടയുണ്ട്. മുണ്ടുടുത്ത, കോട്ടിട്ട മോദിമാരും അമിത്ഷാമാരും കേരളത്തിലും നിറയുകയാണ്. സെന്‍കുമാര്‍ പൊലിസില്‍ ഇരുന്ന് കളിച്ചത് ശ്രീജിത്തുമാര്‍ തുടരുന്നു. ശ്രീവാസ്തവ ആണ് പൊലിസ് ഉപദേഷ്ട്ടാവ് എന്നു ചേര്‍ത്തുവായിക്കണം.
കാസര്‍കോട് റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന കേസ് എവിടെയെത്തി. കൊടിഞ്ഞിയില്‍ പട്ടാപ്പകല്‍ ഫൈസലിനെ വെട്ടിവീഴ്ത്തിയ കേസും എങ്ങും എത്താതിരിക്കാന്‍ ഇടതുപക്ഷം അതീവജാഗ്രത കാണിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് രാഷ്ട്രീയ താല്‍പര്യമുള്ള കേസുകള്‍ വാദിക്കാന്‍ അങ്ങ് ഡല്‍ഹിയില്‍ പോയി സുപ്രിം കോടതിയിലെ പ്രധാന അഭിഭാഷകരെ വിമാനത്തില്‍ ഹൈക്കോടതിയില്‍ എത്തിച്ച വകയില്‍ 4.78 കോടി രൂപ വാരിക്കോരി കൊടുക്കാന്‍ പിണറായിക്കും തോമസ് ഐസക്കിനും ഒരു മടിയും തോന്നിയില്ല. മനഃസാക്ഷി എന്നത് സാക്ഷാല്‍ കമ്മ്യൂണിസ്റ്റുകാരന് സൂക്ഷിക്കാനാവില്ലല്ലോ. പാര്‍ട്ടി നേതാവിന് പണയപ്പെടുത്താത്ത ശരീരവും മൂലധനത്തിന് പണയപ്പെടുത്താത്ത തലച്ചോറും ഒരു പാര്‍ട്ടി അംഗത്തിനും അനുവദിച്ചിട്ടില്ല. അപരാധങ്ങള്‍ ഏറ്റുപറഞ്ഞു നല്ല മനുഷ്യരാവുന്നവര്‍ പാര്‍ട്ടിയില്‍ അധികം കാണാറില്ല.
വൈകുന്നേരങ്ങളില്‍ സംഘമായി നടത്തുന്ന പത്രസമ്മേളനം, എങ്ങനെ പത്രസമ്മേളനം നടത്താമെന്ന് പഠിക്കുന്ന വിദ്യാര്‍ഥികളെ പോലെ ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ മന്ത്രിയും മണിക്കൂറിലധികം ശ്വാസം വിടാതെ, വെള്ളം കുടിക്കാതെ ഭയപ്പെട്ടിരിക്കുക പതിവാണ്. ഒരു പ്രസ് റിലീസ് കൊണ്ട് തീരുന്ന കാര്യം പൊതുസമ്മേളനങ്ങള്‍ നടത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ ചുളുവില്‍ പാര്‍ട്ടി പ്രചാരണമാക്കുകയാണ് പിണറായി സര്‍ക്കാര്‍.
പാലത്തായി വിഷയത്തില്‍ രണ്ടു പക്ഷമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു ഭരണാധികാരി എങ്ങനെയാണ് അനീതിക്ക് രണ്ട് പക്ഷം കാണുക. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ആര്‍.എസ്.എസിനെ പിണക്കി ഒരിഞ്ച് മുന്നോട്ടുപോകാന്‍ പിണറായിയും പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകളില്‍ ഒരു ഭാഗം ഉറപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മുസ്‌ലിം വിരുദ്ധതയുടെ പ്രതിജ്ഞയുമായി കളത്തില്‍ ഇറങ്ങിയാല്‍ വോട്ടുപെട്ടി നികത്താനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
പിഞ്ചു ബാലിക മുസ്‌ലിമായതിനാല്‍ കങ്കാണി രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും രംഗത്തുവന്നില്ല. ചില മാധ്യമങ്ങളും സത്യം കാണാതെ അന്ധത നടിച്ചു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് വീണുകിട്ടിയ ആയുധമായിരുന്നു. ദിശ മാറ്റി തീവ്രവാദം, ജിഹാദ് ചര്‍ച്ചയാക്കി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങളും അടിസ്ഥാനപരമായി രാജ്യദ്രോഹമാണ്. സമാന്തര സമ്പദ്ഘടന രൂപപ്പെട്ടുവന്നാല്‍ ഭാരതത്തെ ദുര്‍ബലപ്പെടുത്തും. മിക്ക ദിവസവും ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ചെറുതും വലുതുമായ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. അതിന്റെ പിന്നില്‍ ഒരു ലക്ഷ്യമേ ഉള്ളൂ, ലാഭം. ചിലര്‍ 100 ഗ്രാം സ്വര്‍ണമാല കൊണ്ടുവന്നാല്‍ പിടികൂടി ജയിലിലടക്കാന്‍ മിടുക്കുള്ള കസ്റ്റംസുകാര്‍ എല്ലാ എയര്‍പോര്‍ട്ടുകളിലും ജാഗ്രതയിലാണ്. എന്നാല്‍, കിലോക്കണക്കിന് സ്വര്‍ണം വ്യാപാര താല്‍പര്യാര്‍ഥം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിളകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വിളിച്ചു രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോലും ആളുള്ള രാജ്യമായി ഇന്ത്യ മാറി.പത്താം ക്ലാസും ഗുസ്തിയുമുള്ളയാളാണ് സ്വപ്ന സുരേഷ് എന്ന് കണ്ടുപിടിക്കാന്‍ എന്തുകൊണ്ട് വൈകി. സര്‍ക്കാര്‍ സര്‍വിസില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ലക്ഷത്തില്‍ കൂടുതല്‍ മാസ ശമ്പളത്തിന് സ്വപ്നക്ക് തനിയെ കയറിപ്പറ്റാന്‍ കഴിയില്ല. വഴിയൊരുക്കിയ രാഷ്ട്രീയ, ഉദ്യോഗസ്ഥനിര തന്നെ കാണും. റമദാന്‍ കിറ്റ് പോലും ഗള്‍ഫില്‍നിന്ന് കിട്ടാന്‍ സ്വപ്ന വേണം എന്ന അവസ്ഥ അപമാനകരമാണ്. അതിലേറെ സംശയാസ്പദമാണ്.
മന്ത്രിമാരുടെ ഓഫിസില്‍ എന്തു നടക്കുന്നു, ഉദ്യോഗതലങ്ങളിലുള്ളവരുടെ ഭരണപരമായ ഇടപെടലുകള്‍ എങ്ങോട്ടാണ് തുടങ്ങിയവ ഭരണാധികാരികള്‍ അറിയുന്നില്ല. ഇക്കാര്യം പിന്നീടവര്‍ ഏറ്റുപറയുന്നു. പിന്നെ എന്താണ് തങ്ങള്‍ക്ക് അവിടെ പണിയൊന്നു ചോദിക്കാന്‍ ആളില്ലാതെ പോകുന്നു. എല്ലാവരും അറിഞ്ഞും അറിയില്ലെന്ന് നടിച്ചും ഒരു രാജ്യം കുളമാക്കുന്നു. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള ഒറ്റമൂലിയായി തീവ്രവാദവും ജിഹാദും ആയുധമായി അവതരിപ്പിക്കുന്നു. രാജ്യസ്‌നേഹികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ചോരയും ജീവനും ജീവിതവും കൊടുത്തു നേടിയ സ്വാതന്ത്ര്യം ശ്വാസംമുട്ടി തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."