വനിതാ ഡോക്ടറെ ബന്ദിയാക്കി കവര്‍ച്ച: മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
നെടുമ്പാശ്ശേരി: അത്താണിയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 90 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുടെ വജ്ര മാലയും 70000 രൂപയും കവര്‍ന്ന കേസില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവ ദിവസം കവര്‍ച്ച നടന്ന വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശമദ്യ കുപ്പിയുടെ ബ്രാന്റും സീരിയല്‍ നമ്പറും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് മധ്യവയസ്‌കരുടെ വീഡിയോ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യം ലഭിച്ച് മൂന്നാഴ്ച്ചയിലേറെ പിന്നിട്ടിട്ടും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലുവ ഡി.സി.ബി സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മദ്യം വിതരണം ചെയ്ത തൃശൂര്‍ വെയര്‍ഹൗസില്‍ നിന്നാണ് കുപ്പിയിലെ സീരിയല്‍ നമ്പര്‍ പ്രകാരം ബാര്‍ തിരിച്ചറിഞ്ഞത്. ഈ ബാറില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യം ലഭിച്ചത്.
ഇതിനിടയില്‍ നിരവധി പേരെ പൊലിസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മോഷണത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16 ന് അര്‍ദ്ധരാത്രിയിലാണ് പറവൂര്‍ നെടുമ്പാശ്ശേരി റോഡില്‍ അത്താണി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് സമീപം തനിച്ച് താമസിക്കുന്ന ഡോക്ടര്‍ ഗ്രെസ് മാത്യുവിനെ ബന്ദിയാക്കി രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.
ചെങ്ങമനാട് പൊലീസ് നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയിട്ടും സൂചനകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ഡി.സി.ബിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."