തിരൂരില്‍ വിവാഹ ഘോഷയാത്രക്കിടെ ചാനല്‍ ലേഖികക്ക് നേരെ ആക്രമണം
തിരൂര്‍: ഗതാഗതം സ്തംഭിപ്പിച്ചതു ചോദ്യം ചെയ്ത ചാനല്‍ ലേഖികക്കു നേരെ വിവാഹഘോഷ യാത്രാ സംഘത്തിന്റെ ആക്രമണം. ബി.പി അങ്ങാടി കട്ടച്ചിറ റോഡില്‍ ഇന്നലെ വൈകുന്നേരം നാലരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വി. ഷബ്നയെയും സംഘത്തെയുമാണ് ആക്രമിച്ചത്. നൂറു കണക്കിനാളുകള്‍ നോക്കിനില്‍ക്കെ നടുറോഡിലായിരുന്നു വിവാഹസംഘത്തില്പ്പട്ടവരുടെ അഴിഞ്ഞാട്ടം. ഷബ്നയെ തെറിവാക്കുകളോടെ നേരിട്ട സംഘം കൈ പിടിച്ചു തിരിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഘോഷയാത്ര പകര്‍ത്തിയ കാമറാമാന് വിജേഷിനെയും സംഘം നേരിട്ടു.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ വിട്ടയക്കില്ലെന്നു പറഞ്ഞ് വിജേഷിനെ വളഞ്ഞ ഇവര്‍ കാമറ തട്ടിപ്പറിക്കാനും ശ്രമിച്ചു. പിടിവലിയില്‍ കാമറക്കു കേടുപറ്റി. ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഏഷ്യാനെറ്റ് വാഹനത്തിനു സമീപമെത്തിയവര്‍ ഡ്രൈവര്‍ പൂക്കയില്‍ സ്വദേശി ഇബ്രാഹിംകുട്ടിയെ ഭീഷണിപ്പെടുത്തുകയുമുണ്ടായി.
സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി തിരൂര്‍ എസ്.ഐ കെ.ആര്. രഞ്ജിത് അറിയിച്ചു. പത്തോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."