ആറളത്ത് പ്ലാസ്റ്റിക് തള്ളിയാല്‍ പിടിവീഴും
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ പ്ലാസ്റ്റിക്കോ മറ്റ് ഏതെങ്കിലും വിധത്തിലുള്ള മാലിന്യ വസ്തുക്കളോ ഇട്ടാല്‍ ഉടന്‍ പിടിവീഴും. സ്ഥലത്തുവച്ചു തന്നെ 2000 പിഴ അടയ്ക്കേണ്ടി വരും. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാരില്‍നിന്ന് ഉടന്‍ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് ആറളത്തും നടപടി കര്ശനമാക്കുന്നതെന്നു വൈല്‍ഡ് ലൈഫ് വാര്ഡന് എ. ഷജ്ന അറിയിച്ചു.
വനസംരംക്ഷണ മേഖല മുഴുവന്‍ മാലിന്യമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. രാസവസ്തുക്കള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയൊന്നും നിക്ഷേപിക്കരുത്. വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തരം നിയമലംഘനം കൂടുതലായി നടക്കുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളെന്ന നിലയില്‍ ധാരാളം സന്ദര്‍ശകര്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നതാണ്. ഭക്ഷണ അവശിഷ്ടങ്ങളും കുപ്പിവെള്ളം കുടിച്ച ശേഷമുള്ള കാലികുപ്പികളും സഞ്ചാരികള്‍ സ്ഥലത്ത് തള്ളുന്നത് പതിവാണ്. ഇവ നിരോധിച്ചിട്ടുള്ളതായ ബോര്‍ഡുകള്‍ എല്ലാ വനകേന്ദ്രങ്ങളിലും നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിഴ ഈടാക്കാന്‍ സാധിക്കുമായിരുന്നില്ല. പുതിയ ഉത്തരവോടെ ഓരോ സംഭവത്തിലും 2,000 രൂപ പിഴ ഒടുക്കേണ്ടി വരും. ഇത്തരത്തില്‍ ഈടാക്കുന്ന തുക വനവികസന ഏജന്‍സി (എഫ്.ഡി.എ) മുഖേന വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണത്തിന് ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."