കടല വില്‍ക്കുന്ന ഇമ്മിണി ബല്യ ആനക്കാരന്‍
തരുവണ: ന്റെ ഉപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന്, ബേപ്പൂര്‍ സുല്‍ത്താന്റെ വാക്ക് കടമെടുത്താല്‍ തരുവണ അങ്ങാടിയിലെ കടല വില്‍പനക്കാരന്‍ ഖാസിമിനെ കുറിച്ച് ഇങ്ങനെ പറയാം, പഴമയുടെ പ്രൗഢിയുള്ള ഉപ്പൂപ്പമാരുടെ ഉശിരുള്ള ആനക്കാരനായിരുന്നു ഖാസിം. തന്നോളം പോന്നവരോടല്ല തന്റെ പതിന്‍മടങ്ങ് വലിപ്പമുള്ളവനോടാണ് ആലുവാ സ്വദേശി ഖാസിമിന്റെ കഴിഞ്ഞ കാലത്തെ സഹവാസം. ഖാസിമിന് പറയാനുള്ളത് ചെറുതല്ല.
ഇമ്മിണി ബല്യ ആനകാര്യമാണ്. പ്രായം തളര്‍ത്തിയതോടെയാണ് ഖാസിം ആന നോട്ടം നിര്‍ത്തിയത്.
ആനകള്‍ക്ക് കാര്യമായി പണിയില്ലാതായതും ആനക്കൊപ്പമുള്ള ജീവിതം അവസാനിപ്പിക്കാനുള്ള ഒരു കാരണമായിരുന്നു. 32 വര്‍ഷത്തോളമാണ് ഭൂമിയിലെ വലിയ ജീവിയെ തന്റെ തോട്ടിക്ക് മുന്നില്‍ അനുസരയുള്ളവനായി ഖാസിം കൊണ്ടുനടന്നത്. മൂന്ന് പതിറ്റാണ്ട് മുന്‍പാണ് ആലുവാക്കാരനായ ഖാസിം വയനാട്ടിലെ തരുവണയിലെത്തിയത്. അന്ന് തരുവണയില്‍ മൂന്ന് ആനകളാണുണ്ടായിരുന്നത്. പള്ളിയാല്‍ മൊയ്തു ഹാജി, ആലി ഹാജി, കുഞ്ഞബ്ദുല്ല ഹാജി എന്നിവരുടേതായിരുന്നു ഈ ആനകള്‍. അക്കാലത്ത് കൊടക് മേഖലയിലായിരുന്നു ആനകള്‍ക്ക് കൂടുതലും പണിയുണ്ടായിരുന്നത്.
ജോലി തേടി ചുരം കയറിയ ഖാസിം മറ്റൊരാളോടൊപ്പം കൊടകില്‍ ആനകള്‍ക്കൊപ്പം കൊടകിലേക്ക് പോയി. പിന്നീട് ഒന്നാം പാപ്പാനുമായി. നേരത്തെ ആന പണിക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടിയിരുന്നെങ്കിലും പിന്നീട് തീരെ നേട്ടമില്ലാതായെന്ന് ഖാസിം പറയുന്നു.
ആനയുടെ പണി കുറഞ്ഞതും ആനയെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമൊക്കെ കൊണ്ട് പോയി പണി എടുപ്പിക്കാന്‍ തുടങ്ങി. കുറച്ച് കാലം കുടക് മേഖലയിലും ജോലി ചെയ്തുവെങ്കിലും അവിടെയും കാര്യമായി പണിയില്ലാതായി. ഇതോടെയാണ് ഖാസിം ആനത്തോട്ടി കൈയില്‍ നിന്നും ഒഴിവാക്കിയത്.
പിന്നീട് തരുവണയില്‍ തിരിച്ചെത്തി വിവാഹവും കഴിച്ച് വയനാട്ടിലെ സ്ഥിരതാമസക്കാരനായി. പ്രായം തളര്‍ത്തിയതോടെ മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് കടല വറുത്ത് വില്‍പന തുടങ്ങിയത്.
ഇപ്പോള്‍ തരുവണ അങ്ങാടിയില്‍ കടല വറുത്ത് വിറ്റാണ് ഈ ഇമ്മിണി ബല്യ ആനക്കാരന്‍ ഉപജീവനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."