നരേന്ദ്രമോദി തിരിച്ചുവന്നാല്‍ ജനാധിപത്യമുണ്ടാകില്ല
? എന്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ കേരളത്തില്‍ മത്സരിക്കാത്തത്.
= അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് കേരളത്തില്‍ മത്സരിക്കാത്തത്. മത്സരിച്ചു ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കുക, ബാക്കി എല്ലാ സ്ഥലത്തും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്യുക എന്നതാണു പാര്‍ട്ടി തീരുമാനം. അതുകൊണ്ട് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഡ്, ആന്തമാന്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഞങ്ങള്‍ പ്രധാനമായും മത്സരിക്കുന്നത്. ഇവിടങ്ങളിലൊക്കെ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 415 സീറ്റില്‍ മത്സരിച്ചിരുന്നു.
എന്നാല്‍ അവിടങ്ങളില്‍ പിടിച്ച വോട്ടുകള്‍ ബി.ജെ.പിയുടെ ജയത്തിന് സഹായകമായെന്നും വിലയിരുത്തലുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു അജന്‍ഡ മാത്രാണ് ഞങ്ങള്‍ക്കുള്ളത്. അതു ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നു തന്നെയാണ്. ബി.ജെ.പിയുടെ ഒരു സീറ്റ് കുറയ്ക്കാന്‍ പറ്റിയാല്‍ അത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഡല്‍ഹിയില്‍ പോലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു പറഞ്ഞത്. ഇത് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമില്ലാഞ്ഞിട്ടല്ല.
കര്‍ണാടകയിലെ പ്രകാശ് രാജിനെപോലെ ചുരുക്കം ചില സ്വതന്ത്ര സ്ഥാനാര്‍ഥികളെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്. മോദിക്കെതിരേ ശക്തമായി രംഗത്തുള്ളവരാണ് ഇവരൊക്കെ. ഇത്തരം ചില മണ്ഡലങ്ങളൊഴിച്ചാല്‍ ആം ആദ്മി പാര്‍ട്ടി വോട്ട് ഭിന്നിപ്പിക്കരുതെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്.
? കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചയില്‍ തീരുമാനമായോ.
=ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ചണ്ഡിഗഡ്, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിനു തയാറാണെങ്കില്‍ ഇവിടങ്ങളില്‍ നിന്ന് ഒരു സീറ്റുപോലും ബി.ജെ.പിക്കു കിട്ടില്ലെന്ന് ഉറപ്പാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഈ സഖ്യത്തിന് തയാറായിട്ടില്ല. ഡല്‍ഹിയിലെ സഖ്യം സംബന്ധിച്ച് ഏറെക്കുറെ ധാരണയിലെത്തിയിട്ടുണ്ട്. മറ്റിടങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടിക്കു ശക്തിയുള്ള എല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ബാക്കി സ്ഥലങ്ങളില്‍ ബി.ജെ.പിക്കെതിരായി വോട്ടു ചെയ്യുകയെന്നതുമാണ് പാര്‍ട്ടി തീരുമാനം. ജനാധിപത്യം ബാക്കിനില്‍ക്കുമോ എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാവിഷയം. മോദി തിരിച്ചുവന്നാല്‍ ജനാധിപത്യമുണ്ടാകില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഭരിച്ചത് ഭരണഘടനയോട് ബഹുമാനമില്ലാത്ത സര്‍ക്കാരാണ്. ഭരണഘടനാസ്ഥാപനങ്ങളെ മുഴുവന്‍ ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്ന സ്ഥാപനങ്ങളാക്കി മാറ്റി. ഡല്‍ഹി സര്‍ക്കാരിനെ കഴിഞ്ഞ നാലുവര്‍ഷമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. സുപ്രിംകോടതിയുടെ ബലത്തിലാണ് ഞങ്ങള്‍ അവിടെ പിടിച്ചുനില്‍ക്കുന്നത്. കള്ളക്കേസെടുക്കുകപോലും ചെയ്തിട്ടുണ്ട്. മോദിയെ വീണ്ടും അധികാരത്തില്‍ വരുത്തരുതെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
? കേരളത്തില്‍ എന്തുകൊണ്ടാണ് വ്യക്ത്യാധിഷ്ഠിത പിന്തുണ നല്‍കുന്നത്.
=കേരളത്തില്‍ ബി.ജെ.പി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരേ ജയിക്കാന്‍ ആര്‍ക്കു സാധ്യതയുണ്ടോ അവര്‍ക്കു വോട്ട് ചെയ്യും.
സര്‍വേകളില്‍ മാത്രമല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്, ഞങ്ങളുടെ വിലയിരുത്തലുകളും ഇതിന് ആധാരാാമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി അത്തരത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് മേഖലാസമ്മേളനങ്ങള്‍ നടത്തിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. ആരെയൊക്കെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ 16നുശേഷം പ്രഖ്യാപനമുണ്ടാകും. ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ എന്തു ചെയ്യണം, ബി.ജെ.പി ജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങില്‍ ഏതു സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണം തുടങ്ങിയവയില്‍ തീരുമാനമുണ്ടാകും. അതേസമയം, കേരളത്തില്‍ സ്വതന്ത്രരെ പിന്താങ്ങില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അതുപോലെ അഴിമതിയുമായി ബന്ധപ്പെട്ടവര്‍ക്കും രാഷ്ട്രീയ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കും വോട്ട് നല്‍കില്ല. സ്ത്രീപക്ഷ നിലപാട് എടുക്കുന്നവരെയും പരിസ്ഥിതിപക്ഷ നിലപാടെടുക്കുന്നവരെയും പിന്തുണയ്ക്കും.
? മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രചാരണം നടത്തുമോ.
=ഇടതു, വലതു രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രചാരണം നടത്തുകയോ അവരുമായി വേദി പങ്കിടുകയോ ചെയ്യില്ല. പാര്‍ട്ടി ഒറ്റയ്ക്കു പ്രചാരണത്തിനിറങ്ങും. എല്ലാ മണ്ഡലങ്ങളിലും ഞങ്ങളുടെ സാന്നിധ്യമുണ്ടാകും. 20 മണ്ഡലങ്ങളിലും ആരെ പിന്താങ്ങുന്നുവെന്നും പാര്‍ട്ടി കൃത്യമായി പ്രഖ്യാപിക്കും.
? സി.പി.ഐയോ സി.പി.എമ്മോ ജയിച്ചാല്‍ ദേശീയതലത്തില്‍ പ്രയോജനമില്ലെന്ന് പരക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ.
=എല്‍.ഡി.എഫ് ജയിച്ചാലും യു.ഡി.എഫ് ജയിച്ചാലും അതു മോദി വിരുദ്ധജയം തന്നെയാണ്.
? കേരളത്തില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തിയില്ലെന്ന് തോന്നുന്നുണ്ടോ.
=കഴിഞ്ഞ തെരഞ്ഞെടുപ്പിലെയും ഈ തെരഞ്ഞെടുപ്പിലെയും രാഷ്ട്രീയ അന്തരീക്ഷം വ്യത്യസ്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടി രൂപപ്പെട്ടു വരുന്നേയുള്ളൂ. കമ്മിറ്റികള്‍ പോലുമില്ലായിരുന്നു. അഖിലേന്ത്യാതലത്തില്‍ അഴിമതിവിരുദ്ധ വികാരമായിരുന്നു അന്ന്. ഇന്ന് അത്തരം ഒരു സാഹചര്യമില്ല. അതാണ് വികാരമെങ്കില്‍ അന്നത്തേക്കാളുപരി വോട്ട് ഞങ്ങള്‍ക്കു പിടിക്കാം.
ഇന്നത്തെ രാഷ്ട്രീയം അതല്ല. മോദിയെ എങ്ങനെയെങ്കിലും പുറത്താക്കുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ മാത്രമാണ് വ്യക്ത്യാധിഷ്ഠിത പിന്തുണ നല്‍കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് പിന്താങ്ങുന്നത്, കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിനാണ് പിന്തുണ. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തിനാണ് പിന്തുണ. ബാക്കിയുള്ളിടത്തൊക്കെ കോണ്‍ഗ്രസിനാണ് പിന്തുണ. കഴിഞ്ഞ തവണ 415 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ഇത്തവണ 50 സീറ്റുകളില്‍ താഴെ മാത്രമാണ് മത്സരിക്കുന്നത്.
? തെരഞ്ഞെടുപ്പിനു ശേഷമുള്ള ദേശീയ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു.
=തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി ഇതര സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. അതിന് ഞങ്ങള്‍ക്ക് തന്നെ തെളിവുണ്ട്. കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് ലഭിച്ചത് 38ശതമാനം വോട്ട് മാത്രമാണ്. ബാക്കി 62 ശതമാനം വോട്ടര്‍മാരും മോദി അധികാരത്തിലെത്തരുതെന്ന നിലപാടെടുത്തവരാണ്. അവര്‍ക്കിടയില്‍ ഐക്യം കൂടിയിട്ടുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ ജനങ്ങള്‍ക്ക് ധാരാളം തിരിച്ചടികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. നോട്ടുനിരോധനം, തൊഴിലില്ലായ്മ, റാഫേല്‍ തുടങ്ങിയവയൊക്കെ മോദി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും.
? രാഹുലിന്റെ സ്വാനാര്‍ഥിത്വം യു.ഡി.എഫിന് ഗുണം ചെയ്യുമോ.
=രാഹുലിന്റെ വരവ് മലബാറില്‍ യു.ഡി.എഫിനു ഗുണം ചെയ്‌തേക്കാം. ന്യൂനപക്ഷ വോട്ട് പലപ്പോഴും മാറി മാറിയാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ അത് യു.ഡി.എഫിന് അനുകൂലമായി വന്നേക്കാം. ശബരിമല വിഷയം വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് തോന്നുന്നില്ല. അതു വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് ബി.ജെ.പിക്കു പോലും ഉറപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."