തെരഞ്ഞെടുപ്പ് ഗോദയില്‍ കള്ളപ്പണമൊഴുകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയില്‍ കോടികളുടെ കള്ളപ്പണവും സ്വര്‍ണവും മയക്കുമരുന്നും വന്‍തോതില്‍ ഒഴുകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും, പൊലിസിന്റെയും ആദായ നികുതി വകുപ്പിന്റെയും കണ്ണു വെട്ടിച്ചാണിത്.
20 മണ്ഡലങ്ങളിലും മുന്നണികള്‍ ഇപ്പോള്‍ തന്നെ കോടികള്‍ ഇറക്കിക്കഴിഞ്ഞു. ഒരു സ്ഥാനാര്‍ഥിക്ക് 70 ലക്ഷം രൂപ മാത്രം ചെലവാക്കാന്‍ അനുമതി നിലനില്‍ക്കെയാണ് ഈ ധൂര്‍ത്ത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യഘട്ട കണക്കെടുപ്പ് നടത്തിയിരുന്നു. പലരും കമ്മിഷന്‍ അനുവദിച്ചതിന്റെ മൂന്നിലൊന്നു പോലും ചെലവാക്കിയിട്ടില്ലെന്നാണ് സ്ഥാനാര്‍ഥികള്‍ ചുമതലപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെട്ട സംഘം നല്‍കിയ റിപ്പോര്‍ട്ട്.
അതേസമയം, തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി പണവും സ്വര്‍ണവും അതിര്‍ത്തി കടന്നെത്തുന്നുണ്ട്. കൂടാതെ ലഹരിവസ്തുക്കളും എത്തുന്നു. ഇതുവരെ 16 കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. 1.65 കോടിയുടെ സ്വര്‍ണവും 500 കിലോ കഞ്ചാവും കോടികള്‍ വിലമതിക്കുന്ന മറ്റു ലഹരി വസ്തുക്കളും പിടികൂടിയിട്ടുമുണ്ട്.
സംഭാവനയടക്കം സ്ഥാനാര്‍ഥികളുടെ പണമിടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണമെന്ന നിര്‍ദേശമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നല്‍കിയിരിക്കുന്നത്. ചെലവിനുള്ള പണം അക്കൗണ്ട് വഴി തന്നെ പിന്‍വലിക്കണം. പ്രചാരണത്തിനു കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ പണം ചെലവഴിക്കാവൂ. സ്ഥാനാര്‍ഥികളുടെ പണമിടപാടുകളെക്കുറിച്ച് ബാങ്ക് അധികൃതര്‍ കലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. സ്വകാര്യ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷത്തിലധികം പിന്‍വലിച്ചാല്‍ അറിയിക്കണമെന്ന് ബാങ്കുകള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളിലോ നേതാക്കളുടെ കൈയിലോ കരുതാവുന്നത് പരമാവധി 50,000 രൂപയാണ്. സാധാരണ വ്യക്തികള്‍ക്ക് 10,000 രൂപ മാത്രം. ഇതിലധികം പണം കൈയിലുണ്ടെങ്കില്‍ രേഖകള്‍ കാണിക്കണം, ഉദ്ദേശ്യം വ്യക്തമാക്കണം. ഇല്ലെങ്കില്‍ പിടിച്ചെടുക്കും. ഇങ്ങനെയിരിക്കെയാണ് കോടികള്‍ തന്നെ മണ്ഡലങ്ങളിലേയ്ക്ക് ഒഴുകുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ് ദേശീയ നേതൃത്വങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് പണമെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട് മണ്ഡലത്തിലെ ചെലവ് എ.ഐ.സി.സി തന്നെ നേരിട്ടാണ് ചെലവഴിക്കുന്നത്. സി.പി.എംസ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാന കമ്മിറ്റിയാണ് പണം നല്‍കുന്നത്. ഇതു കൂടാതെ ഓരോ ബ്രാഞ്ചുകളില്‍ നിന്നും 10,000 രൂപ വീതം പിരിവും നടത്തിയിട്ടുണ്ട്. പക്ഷെ സ്ഥാനാര്‍ഥികളുടെ ധൂര്‍ത്ത് കണ്ടാല്‍ പണം മറ്റു വഴികളിലൂടെയും എത്തിയിട്ടുണ്ടെന്നു തന്നെ അനുമാനിക്കാം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളിലും വിമാനങ്ങളിലും വന്‍തോതില്‍ കള്ളപ്പണം കടത്തുന്നുണ്ടെന്നാണ് വിവരം. വന്‍ കോര്‍പറേറ്റുകളാണ് ദേശീയ പാര്‍ട്ടികള്‍ക്ക് പണമെത്തിക്കുന്നതത്രെ.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡ് മലപ്പുറത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം പണവും സ്വര്‍ണവും പിടിച്ചത്. കള്ളപ്പണത്തിന്റെ ഒഴുക്കു തടയാനും പ്രചാരണത്തിലെ ധനവിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കാനും ഐ.ജി പി.വിജയനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചു. ഓരോ മണ്ഡലത്തിലും മൂന്നുവീതം ഫ്‌ളൈയിങ്, സ്റ്റാറ്റിക് സ്‌ക്വാഡുകളും പൊലിസ് സംഘങ്ങളും പരിശോധനയ്ക്കുണ്ട്. തഹസില്‍ദാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളപ്പണവേട്ട. നടപടികളെല്ലാം കാമറയില്‍ പകര്‍ത്തും.
പ്രചാരണച്ചെലവ് വിലയിരുത്താനും പ്രത്യേക സംഘങ്ങളുണ്ട്. വടക്കന്‍ ജില്ലകളിലും അതിര്‍ത്തികളിലും പൊലിസും എക്‌സൈസും വാണിജ്യനികുതി വകുപ്പും പരിശോധന നടത്തുന്നുണ്ട്. പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ റെയില്‍വേ സംരക്ഷണ സേനയ്ക്കും വിമാനത്താവളങ്ങള്‍ക്കും സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കള്ളപ്പണ വേട്ടയ്ക്ക് വിമാനത്താവളങ്ങളില്‍ പ്രത്യേക ഇന്റലിജന്‍സ് യൂണിറ്റുകളുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍, സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്റ്റര്‍ എന്നിവയില്‍ വിശദമായ പരിശോധനയുണ്ട്. വിമാനത്താവളങ്ങളിലൂടെ രേഖകളില്ലാതെ പണവും സ്വര്‍ണവും കൊണ്ടുവരാന്‍ അനുവദിക്കില്ല. ട്രെയിനുകളില്‍ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷനര്‍മാരുടെ മേല്‍നോട്ടത്തിലാവും പരിശോധന.
കണക്കിലെ കളി
തിരുവനന്തപുരം: 2014ലെ തെരഞ്ഞെടുപ്പില്‍ ചെലവ് ചുരുക്കിയാണ് വിജയിച്ചതെന്നാണ് 20 എം.പിമാരുടെയും അവകാശ വാദം. ഇതില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് കണക്കു പ്രകാരം വെറും 27,350 രൂപ മാത്രമാണ് ചെലവാക്കിയത്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ പ്രാവശ്യം നല്‍കിയ കണക്കാണ്.
കോടികള്‍ പൊട്ടിച്ച് ജയിച്ചുകയറിയിട്ടും പലരും കമ്മിഷനു മുന്നില്‍ നല്‍കിയ കണക്ക് വെറും അരക്കോടിയെന്ന് സൂചിപ്പിക്കുന്നു. ചില എം.പിമാര്‍ സ്വന്തമായി പണം ചെലവാക്കിയിട്ടില്ല. സംഭാവനയായി കിട്ടിയതും പാര്‍ട്ടി നല്‍കിയതും വച്ചാണ് ജനസേവനം ചെയ്യാന്‍ ജയിച്ചുകയറിയത്.
കെ.സി വേണുഗോപാല്‍, പി.കെ ബിജു, എം.ബി രാജേഷ്, എം.കെ രാഘവന്‍ എന്നിവരാണ് സ്വന്തം കീശയില്‍ നിന്ന് ഒരു രൂപ പോലും മുടക്കാതെ എം.പിമാരായത്. ശശി തരൂര്‍ 27,000 രൂപയും എ. സമ്പത്ത് 5,20,000 രൂപയും എന്‍.കെ പ്രേമചന്ദ്രന്‍ 66,000 രൂപയും ആന്റോ ആന്റണി 4,22,900 രൂപയും കൊടിക്കുന്നില്‍ സുരേഷ് 5,06,377 രൂപയും ജോസ് കെ. മാണി രണ്ടു ലക്ഷം രൂപയും ജോയ്‌സ് ജോര്‍ജ് 750 രൂപയും കെ.വി തോമസ് 1,10,000 രൂപയും ഇന്നസെന്റ് 1,26,000 രൂപയും സി.എന്‍ ജയദേവന്‍ 17,86,714 രൂപയും ഇ.ടി മുഹമ്മദ് ബഷീര്‍ 30,000 രൂപയും ഇ.അഹമ്മദ് 20,40,000 രൂപയും മുല്ലപ്പള്ളി രാമചന്ദ്രന്‍ 1,03,500 രൂപയും പി.കെ ശ്രീമതി 4,52,663 രൂപയും പി. കരുണാകരന്‍ 100 രൂപയുമാണ് സ്വന്തം പോക്കറ്റില്‍ നിന്നു ചെലവാക്കി ലോക്‌സഭയിലെത്തിയത്. ശശി തരൂരിനും ജോയ്‌സ് ജോര്‍ജിനും പാര്‍ട്ടികള്‍ അഞ്ചു പൈസ നല്‍കിയില്ല. ജോയ്‌സ് ജോര്‍ജിന് 26,600 രൂപ മാത്രമാണ് സംഭാവന കിട്ടിയത്. അങ്ങനെ 27,350 രൂപ ചെലവാക്കി എം.പിയായി. പി.കെ ബിജുവിനും എം.ബി രാജേഷിനും സംഭാവനയും കിട്ടിയില്ല. ബിജുവിന് ചെലവായ 47,59,108 രൂപയും രാജേഷിന് ചെലവായ 50,72,878 രൂപയും സി.പി.എമ്മാണ് നല്‍കിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ചെലവാക്കിയ തുക, സംഭാവന കിട്ടിയത്, പാര്‍ട്ടി നല്‍കിയത് എന്നിവ ക്രമത്തില്‍:
ശശി തരൂര്‍ - 50,42,650 - 63,35,591, എ. സമ്പത്ത് - 45,44,870 - 27,09,363 - 35,63,647, എന്‍.കെ പ്രേമചന്ദ്രന്‍ - 61,21,882 - 27,09,363 - 40,93,280, ആന്റോ ആന്റണി - 68,68,643 - 44,15,000 - 15,67,109, കെ.സി വേണുഗോപാല്‍ - 61,74,447 - 61,70,933 - 67,109, ജോസ് കെ. മാണി - 50,38,680 - 38,65,000 - 21,00,000, കെ.വി തോമസ് - 51,37,855 - 38,66,108 - 20,00,000, ഇന്നസെന്റ് - 29,09,791 - 21,10,000 - 7,00,000, സി.എന്‍ ജയദേവന്‍ - 39,70,439 - 5,52,001 - 12,50,000, ഇ.ടി മുഹമ്മദ് ബഷീര്‍ - 64,96,880 - 25,41,880 - 12,50,000, ഇ. അഹമ്മദ് - 60,21,571 - 10,57,387 - 29,25,000, എം.കെ രാഘവന്‍ - 52,39,932 - 53,22,000 - 5,00,000, മുല്ലപ്പള്ളി രാമചന്ദ്രന്‍ - 45,60,648 - 13,00,000 - 31,50,000, പി.കെ ശ്രീമതി - 40,96,957 - 45,18,398 - 75,000, പി. കരുണാകരന്‍ - 60,06,456 - 42,10,000 - 2,25,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."