കാറ്റിലും ഒഴുക്കിലുംപെട്ട് 15 വള്ളങ്ങള്‍ ഒഴുകിപ്പോയി
പൊന്നാനി: ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് നങ്കൂരമിട്ട 15 വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി. എട്ട് വള്ളങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറെക്കരയിലും, പൊന്നാനിയിലും നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളാണ് കാറ്റിലും തിരയിലും പെട്ട് കടലിലേക്ക് ഒലിച്ചുപോയതും കടല്‍ഭിത്തിയിലിടിച്ച് തകര്‍ന്നതും. കോടികളുടെ നഷ്ടം ഇതുമൂലം ഉണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പതിനഞ്ചോളം വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
താനൂരിലെ മമ്പുറം സയ്യിദ്, വാദിസലാം, ചെങ്കൊടി, തഖ്‌വ, റജബ്, അജ്മീര്‍, നജാത്ത്, ബീരാന്‍ തുടങ്ങിയ വള്ളങ്ങളാണ് പൂര്‍ണമായി തകര്‍ന്നത്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വില വരുന്നതാണ് ഇവ. വല, യന്ത്രങ്ങള്‍, മറ്റ് സാമഗ്രികള്‍ എന്നിവയും നഷ്ടമായി.പരസ്പരം കൂട്ടിയിടിച്ചും കടല്‍ ഭിത്തികളില്‍ ഇടിച്ചുമാണ് വള്ളങ്ങള്‍ തകര്‍ന്നത്.
ഏതാനും വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍, ഫിഷറീസ് വകുപ്പ് അധികൃതരുടെ സഹായത്തോടെ മറ്റ് വള്ളങ്ങള്‍ ഉപയോഗിച്ച് കെട്ടി വലിച്ച് കരക്കെത്തിച്ചു.പലതും കടലില്‍ ഒഴുകി നടക്കുന്നത് നിസ്സഹായതോടെ നോക്കി നില്‍ക്കാനേ മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കുന്നുള്ളൂ. താനൂര്‍ മേഖലയില്‍ നിന്നുള്ള വള്ളങ്ങളാണ് പടിഞ്ഞാറെക്കരയില്‍ കെട്ടിയിട്ടിരുന്നത്. പൊന്നാനിയിലെ നാല് വള്ളവും നഷ്ടമായതില്‍ പെടുന്നു.എത്ര വള്ളങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന കണക്ക് കൃത്യമായി ലഭിച്ചിട്ടില്ലന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.സ്ഥലത്തേക്ക് കടലാക്രമണത്തെ തുടര്‍ന്ന് ആഴ്ചകളായി മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകാറില്ല. ഇരുപതിലേറെ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാറുള്ള വലിയ തരം വള്ളങ്ങളാണ് നഷ്ടമായത്.പടിഞ്ഞാറെക്കര ജങ്കാര്‍ ജെട്ടിയിലും പൊന്നാനിപ്പുഴയുടെ തുടക്ക ഭാഗത്തുമായാണ് ഇവ കെട്ടിയിടാറുള്ളത്.
വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റുണ്ടായതായി നാട്ടുകാര്‍ പറയുന്നു.ഏതാനും ദിവസങ്ങളായി തിരയടിയും ശക്തമാണ്. പൊന്നാനി തുറമുഖത്തിന്റെ ഭാഗമായി പുലിമുട്ട് നിര്‍മിച്ചതോടെയാണ് ഈ മേഖലയില്‍ തിരയടി ശക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."