പൊലിസ് പണം തട്ടിയെടുത്തെന്ന് വ്യാജ പരാതി; രണ്ടുപേര്‍ അറസ്റ്റില്‍
വടകര: വാഹന പരിശോധനക്കിടെ പൊലിസ് അഞ്ചര ലക്ഷം രൂപയുടെ യു.എസ് ഡോളര്‍ തട്ടിയെടുത്തെന്ന വ്യാജ പരാതിയില്‍ വടകരയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ വെട്ടി പറമ്പ് കടമ്പാര്‍ മുഹമ്മദ് അസ്‌കര്‍(22), വെട്ടി പറമ്പ് കടമ്പാര്‍ മുഹമ്മദ് അര്‍ഷാദ്(18)എന്നിവരെയാണ് വടകര ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്വദേശിയായ ഇവരുടെ സുഹൃത്ത് വിദേശത്തേക്ക് പോകുന്നതറിഞ്ഞ് ഉപ്പളയില്‍ സ്‌കൈ ട്രാവല്‍സും മണി എക്‌സ്‌ചേഞ്ച് സ്ഥാപനവും നടത്തുന്ന അബ്ദുള്‍ റസാഖ് എന്നയാള്‍ 7,500 യു.എസ്.ഡോളര്‍ ( അഞ്ചര ലക്ഷം ഇന്ത്യന്‍ രൂപ) വിദേശത്ത് എത്തിക്കാന്‍ പ്രതികളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മാഹി വിട്ടതിനു ശേഷം പൊലിസ് തങ്ങള്‍ സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയില്‍ പണം കൈക്കലാക്കിയെന്ന് ഇവര്‍ റസാഖിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ യാത്രയാക്കിയ ശേഷം വൈകിട്ടോടെ റസാഖിനൊപ്പം വന്ന് പരാതി നല്‍കുകയായിരുന്നു. ബൊലേറോ പൊലിസ് വാഹനത്തില്‍ നാലു പൊലിസുകാരാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസിന്റെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ സമയങ്ങളിലൊന്നും വാഹന പരിശോധന നടന്നിട്ടില്ലെന്ന് വ്യക്തമായി. ഈ സമയങ്ങളില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടില്ല. ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റി പറയുന്നതും പൊലിസിനെ കുഴക്കി. ഇതേ തുടര്‍ന്ന് സൈബര്‍ സെല്‍, ജില്ലാ ഇലക്ഷന്‍ സെല്‍ എന്നിവയുടെ സഹായവും തേടി. തെരഞ്ഞെടുപ്പ് പരിശോധനയ്ക്കായുള്ള സംഘം കൊയിലാണ്ടിക്കടുത്ത് വച്ച് ഈ വാഹനം പരിശോധിച്ചെങ്കിലും പണമൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവരെ ഒഴിവാക്കിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റിയെടുക്കാന്‍ ഏല്‍പ്പിച്ച മഞ്ചേശ്വരത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്നായി ഡോളറുകള്‍ പൊലിസ് കണ്ടെടുത്തു. ഉടമയെ കബളിപ്പിച്ച് പണം കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലിസിനെതിരേ വ്യാജ പരാതിയുമായി രംഗത്ത് വന്നതെന്ന് ഡിവൈ.എസ്.പി.പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."