മാള ടൗണ്‍ സൗന്ദര്യവല്‍കരണം: പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ ധാരണ
മാള: പട്ടണത്തിന്റെ സൗന്ദര്യവല്‍കരണ ജോലികള്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ മാളയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം ഒത്തുതീര്‍പ്പിലെത്തിക്കാനായി. രണ്ടാമത്തേതും ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
15 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു.
ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കുമെന്നും എം.എല്‍.എ യോഗത്തില്‍ ഉറപ്പു നല്‍കി.
തുടക്കത്തില്‍ ഇരുവശങ്ങളിലും കാന നിര്‍മാണമാണ് ആദ്യം തുടങ്ങുന്നത്. ഇതിന് ശേഷം തറയോട് വിരിച്ചു മോഡി കൂട്ടുകയും കൈവരി പിടിപ്പിക്കുകയും ചെയ്യും. അതിന് ശേഷമാകും റോഡ് നിര്‍മാണം നടത്തുക. ഇത് ഒക്ടോബര്‍, നവംബര്‍ മാസത്തോടെ നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുത തൂണുകള്‍ മാറ്റുന്നതിനും നടപടിയെടുത്തിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് പ്രശ്‌നമാണെന്നും ഇതു ഒഴിവാക്കാതിരിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്.
കൈയേറ്റം ഉണ്ടെന്ന കാരണത്താല്‍ കടകളുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ചു വ്യാപാരികളും ആക്ഷേപം ഉന്നയിച്ചു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വേണം പദ്ധതി നടപ്പാക്കാനെന്നും വ്യാപാരികള്‍ ആവശ്യമുന്നയിച്ചു.
വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍, വ്യാപാരികളുടെ പ്രധിനിധികള്‍, പൊതുമരാമത്ത്‌വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
യൂനിയന്‍ ബാങ്ക് പരിസരം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തുള്ള കള്‍വെര്‍ട്ട് വരെ 300 മീറ്റര്‍ നീളത്തിലാണ് റോഡ് മോടി കൂട്ടുന്നത്.
വീതി കൂട്ടുന്നതിനൊപ്പം കാനയും നടപ്പാതയും നിര്‍മിച്ച് ടൈല്‍സ് വിരിച്ച് കൈവരികള്‍ സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്ന പദ്ധതിയാണ് 89.65 ലക്ഷം രൂപ ചിലവില്‍ നടത്തുന്നത്.
ഇതിനായി ഫണ്ട് അനുവദിക്കുകയും കരാര്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ മെല്ലെപ്പോക്കാണ് റോഡ് വികസനം ഇഴയാനിടയാക്കിയതെന്നാണ് ആരോപണം.
മാസങ്ങള്‍ക്കു മുന്‍പ് റോഡു വികസനത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത മന്ത്രി പണി വേഗം തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. കെട്ടിടം പൊളിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പു വരാത്തതാണ് പണി വൈകുന്നതിന് ഇടയാക്കിയതെന്നാണു ഉദ്യോഗസ്ഥരുടെ അഭിപ്രായം. കേസിലുണ്ടായിരുന്ന ഒരു കെട്ടിടം പൊളിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കെട്ടിടം വൈകാതെ പൊളിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."