ദമ്പതികളെ കാണാതായ കേസ്; തിരച്ചില്‍ ഇന്നും തുടരും
കോട്ടയം: താഴത്തങ്ങാടിയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി നേവിയുടെ നേതൃത്വത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും. കുമരകത്ത് എത്തിയ നേവിസംഘം വൈകീട്ട് മൂന്നോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.
താഴത്തങ്ങാടി ഭാഗത്തായിരുന്നു ഇന്നലെ പരിശോധന. പ്രത്യേക കാമറ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ കുമരകം പൊലിസ് സ്‌റ്റേഷനിലെത്തിയ നേവി സംഘം പൊലിസുമായി ചര്‍ച്ച നടത്തി. ഇതില്‍ പരിശോധിക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ പൊലിസ് കൈമാറി.
ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ പുഴയിലേക്ക് മുങ്ങിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു മുങ്ങല്‍ പരിശോധന. നേരത്തെ ഫയര്‍ ഫോഴ്‌സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ പൊലിസ് നേവിയുടെ സഹായം തേടിയത്.
ഹര്‍ത്താല്‍ ദിനമായിരുന്ന ഏപ്രില്‍ ആറ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്ന് കാറില്‍ പുറപ്പെട്ട ദമ്പതികളെ കാണാതാവുകയായിരുന്നു.
ഒരുമാസം മുമ്പ് വാങ്ങിയ പുതിയ മാരുതി വാഗണ്‍ ആര്‍ കാറിലായിരുന്നു ഇവര്‍ പുറത്തുപോയത്. പുതിയ കാറിന്റെ ലോണ്‍ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.
ഹാഷിം പഴ്‌സോ, എ.ടി.എം കാര്‍ഡോ, ലൈസന്‍സോ ഒന്നും വീട്ടില്‍നിന്ന് കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവയൊക്കെ ഇവര്‍ ആറ്റില്‍ വീണുട്ടുണ്ടാകാം എന്ന സംശയത്തിന് ഇടയാക്കിയിരുന്നു.
ഇവര്‍ സഞ്ചരിച്ചിരുന കാര്‍ കണ്ടെത്താന്‍ സി.സി ടി.വി പരിശോധനകളും പൊലിസ് തുടരുന്നുണ്ട്. എന്നാല്‍,മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരുതുമ്പും ലഭിച്ചിട്ടില്ല. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്‌നാട്ടിലും പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളില്‍ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. കൂടാതെ, സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും അനുകൂലമായ വിവരമൊന്നും ലഭിച്ചില്ല.
കാര്‍ വെള്ളത്തില്‍ വീണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തി.
എട്ടാം തിയതി മൂന്നാറില്‍ ഇവരുടെ വാഹനം കണ്ടെതായി മണര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അവിടെയും പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പൊലിസ് അന്വേഷണം നടത്തി. എന്നാല്‍ ഒരിടത്തുനിന്നും സുപ്രധാനമായ വിവരം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."