HOME
DETAILS
MAL
തീരമേഖലയില്‍ മാതൃകാ റിവേഴ്‌സ് ക്വാറന്റൈന്‍ സെന്ററുമായി ആരോഗ്യ വകുപ്പ്
backup
July 27 2020 | 02:07 AM
തിരുവനന്തപുരം: തീരമേഖലയിലെ റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ മാതൃകാ റിവേഴ്‌സ് ക്വാറന്റൈന്‍ സെന്ററുമായി ആരോഗ്യ വകുപ്പ്.
കൊവിഡ്- 19 സമൂഹവ്യാപനമുണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമായാണ് 'പരിരക്ഷാ കേന്ദ്രം' റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ആരോഗ്യ വകുപ്പ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എന്‍.എച്ച്.എം എന്നിവ സംയുക്തമായാണ് കേന്ദ്രം സജ്ജമാക്കിയത്. വള്ളക്കടവ് സിദ്ധ ആശുപത്രിക്കു വേണ്ടി നിര്‍മിച്ച കെട്ടിടത്തിലാണ് പരിരക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളെയും രോഗികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സമൂഹവ്യാപനമുണ്ടായ തീരദേശ മേഖലയിലെ റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമായവരും വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരും നോക്കാന്‍ ആരുമില്ലാത്തവരുമായ വയോജനങ്ങളെയാണ് ഈ കേന്ദ്രത്തിലെത്തിക്കുന്നത്.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുഴുവന്‍ സമയ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കും. താമസിക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗവ്യാപനമുണ്ടാകുന്ന മേഖലകളില്‍ വയോജനങ്ങളെയും മറ്റ് അസുഖമുള്ളവരെയും പ്രത്യേകമായി റിവേഴ്‌സ് ക്വാറന്റൈന്‍ ചെയ്താല്‍ മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇതിനു മാതൃകയാകുന്ന തരത്തിലാണ് മാതൃകാ റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം സജ്ജമാക്കിയതെന്നും മന്ത്രി പറഞ്ഞു.അഞ്ചു ദിവസം കൊണ്ടാണ് 30 പേര്‍ക്കു താമസിക്കാവുന്ന ക്യുബിക്കിള്‍ മാതൃകയിലുള്ള താമസസൗകര്യം സജ്ജമാക്കിയത്.
കൊവിഡ് പരിശോധന നടത്തി നെഗറ്റീവായവരെയാണ് ഇങ്ങോട്ടു മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."