മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിശ്രമകേന്ദ്രം കോഫി ഹൗസിന് കൈമാറാനുള്ള നീക്കം വിവാദമാകുന്നു
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിശ്രമകേന്ദ്രം കോഫി ഹൗസിന് കൈമാറാനുള്ള നീക്കം വിവാദമാകുന്നു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുവേണ്ടി എം.പി ഫണ്ടില്‍ ഉല്‍പ്പെടുത്തി നിര്‍മ്മിച്ചുകൊടുത്ത വിശ്രമകേന്ദ്രമാണ് ഇപ്പോള്‍ കോഫി ഹൗസിനു കൈമാറാന്‍ ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നത്.
രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ 24 കട്ടിലുകളും പ്രാധമികാവശ്യത്തിനായി മറ്റു സൗകര്യമുള്ള ഈ വിശ്രമകേന്ദ്രം സാധാരണക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വളരെ ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ സമീപത്ത് പ്രവര്‍ത്തിക്കുന്ന കോഫീ ഹൗസിന് വിശ്രമകേന്ദ്രം കൈമാറാനുള്ള രഹസ്യധാരണയുമായി ആശുപത്രി അധികാരികള്‍ മുന്നോട്ട് പോകുന്നതാണ് വിവാദമായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ പണി പുരോഗമിക്കുന്നതിനാല്‍ നിലവില്‍ കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനാലാണ് കോഫി ഹൗസ് വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് ആശുപത്രി അധികാരികള്‍ പറയുന്നത്.
കോഫിഹൗസ് പ്രവര്‍ത്തിച്ചില്ലെങ്കിലും അനേകം ഭക്ഷണശാലകളാണ് ആശുപത്രി വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിശ്രമകേന്ദ്രം ഇല്ലാതായാല്‍ പുറത്ത് ലോഡ്ജില്‍ മുറിയെടുക്കണമെങ്കില്‍ 300 മുതല്‍ 1000 രൂപവരെ ദിവസവാടക നല്‍കണം.
ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. അതിനാല്‍ അനേകം രോഗികളുടെ കൂട്ടിരിപ്പുകാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."