അവധിക്ക് പോയ പ്രവാസികളുടെ റീ എൻട്രി അബ്ഷിർ വഴി പുതുക്കാം
ജിദ്ദ: കൊവിഡ് നിയന്ത്രണത്തിൽ പെട്ട് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് റീ എൻട്രി കാലാവധി തീർന്നതാണെങ്കിൽ പുതുക്കാൻ അവസരം ഏർപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് . അബ്ഷിർ വഴിയാണ് തൊഴിലാളികളുടെയും ആശ്രിതരുടെയും റീ എൻട്രി പുതുക്കി നൽകുകയെന്നാണ് ജവാസാത്തിന്റെ അറിയിപ്പ്.
വ്യക്തി വിദേശത്തായിരിക്കണമെന്നും ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്നുമാണ് വ്യവസ്ഥകൾ. റീ എൻട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂർത്തിയാകാനും പാടില്ല. റീ എൻട്രി ദീർഘിപ്പിക്കുന്ന കാലയളവിലും ഇഖാമ വാലീഡ് ആയിരിക്കണം.
സിംഗിൾ റീ എൻട്രിക്ക് 100 റിയാലും മൾട്ടിപ്ൾ എൻട്രിക്ക് 200 റിയാലുമാണ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ്. ഇവ ബാങ്ക് സദാദ് വഴി അടക്കണം. ശേഷം അബ്ശിറിൽ സ്‌പോൺസറീസ് സർവീസസ് വഴി വിസ എക്സ്റ്റൻഷൻ സർവീസ് തെരഞ്ഞെടുക്കണം.
വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ ഇഖമയും പുതുക്കിനൽകുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വന്ന അറിയിപ്പിൽ ഇഖാമ കാലാവധി ഇനിയും ബാക്കിയുള്ളവർക്കാണ് റീ എൻട്രി പുതുക്കാൻ അവസരം നൽകുന്നത്.
അതിനിടെ സഊദിയിലുള്ളവരുടെ ഇഖാമ കാലാവധിയും കൊവിഡ് കാല ആനുകൂല്യമായി മൂന്നു മാസം പുതുക്കി നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."