സാമൂഹ്യപെന്‍ഷന്‍: പരാതിപരിഹാരത്തിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു
തൃശൂര്‍: സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ അദാലത്ത് സംഘടിപ്പിക്കുന്നു. പെന്‍ഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെന്‍ഷനുകള്‍ ക്രമീകരിച്ചപ്പോള്‍ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ വഴി പെന്‍ഷന്‍ അദാലത്തു നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച ധനകാര്യവകുപ്പിന്റെ ഉത്തരവ് 25ന് പുറത്തിറങ്ങി.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ.ഡി നമ്പര്‍ ലഭിച്ചവരും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അദാലത്തില്‍ പരാതി സമര്‍പിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കു രേഖാമൂലമാണ് പരാതി നല്‍കേണ്ടത്. തദ്ദേശസ്ഥാപനങ്ങള്‍ അദാലത്തിനുള്ള തീയതി നിശ്ചയിച്ച് അക്കാര്യം ഏപ്രില്‍ 30നകം പ്രസിദ്ധീകരിക്കണം. അദാലത്തിനു അഞ്ചു ദിവസം മുമ്പ് പരാതികള്‍ സ്വീകരിക്കണം. മേയ് 10നും 20 നും മധ്യേയുള്ള തീയതികളിലാണ് അദാലത്തു നടത്തേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതമാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍ എന്നിവരും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയും ചുമതലപ്പെടുത്തുന്ന ഒരു ഗസറ്റഡ് ഓഫിസറും അദാലത്തില്‍ അംഗങ്ങളായിരിക്കും. അദാലത്തിലെടുക്കുന്ന തീരുമാനമനുസരിച്ച് ഡാറ്റാബേസില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. (സര്‍ക്കാര്‍ ഉത്തരവ് (സാധാ)363417ധന.തീയതി 24.4.2017 നമ്പറായിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."