പഠിച്ചിട്ടും ഇനി പണികിട്ടിയില്ലെന്ന് പറയരുത് 'കണക്റ്റ് ടു വര്‍ക്ക്' പദ്ധതിയുമായി കുടുംബശ്രീ
തിരുവനന്തപുരം: അഭ്യസ്തവിദ്യരായിട്ടും ആഗ്രഹിച്ച മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായകരമാകുന്ന 'കണക്റ്റ് ടു വര്‍ക്ക്' പദ്ധതിയുമായി കുടുംബശ്രീ. ജോലി കണ്ടെത്തുന്നതിനു ബുദ്ധിമുട്ടു നേരിടുന്ന യുവജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണ് പുതിയ പദ്ധതി.
ഇങ്ങനെയുള്ളവരെ കണ്ടെത്തി മികച്ച പരിശീലനം നല്‍കി 5,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ഫിനിഷിങ്ങ് സ്‌കൂള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്‌നിക് ഡിപ്‌ളോമ, ഐ.ടി.ഐ എന്നീ യോഗ്യത നേടിയ 35 വയസില്‍ താഴെയുള്ള അഭ്യസ്തവിദ്യര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പരിശീലനാര്‍ത്ഥിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാള്‍ കുടുംബശ്രീ അംഗമായിരിക്കണം. വാര്‍ഷിക കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച പദ്ധതി, റീബില്‍ഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സി.ഡി.എസുകളിലാകും നടപ്പാക്കുക. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാരിന്റെ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് പരിശീലന പരിപാടി ആരംഭിക്കാനാണ് തീരുമാനം.
ഇതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വിസിഷന്‍ പ്രോഗ്രാം) കരാറിലെത്തിയിട്ടുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിജയം പരിശോധിച്ച ശേഷമായിരിക്കും രണ്ടാംഘട്ടം ആരംഭിക്കുക.
സംസ്ഥാനത്തെ 152 ബ്‌ളോക്കുകളില്‍ നിന്നും ഒന്നു വീതം എന്ന കണക്കില്‍ ആകെ 152 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത 33 പേര്‍ക്ക് വീതം പരിശീലനം ലഭിക്കും. എല്ലാ സി.ഡി.എസുകളിലും അസാപ് പരിശീലകര്‍ മുഖേനയാകും പരിശീലന പരിപാടികള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."