ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു
ഫറോക്ക്: ഇന്നലെ വൈകിട്ട് ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
അരീക്കാട്, കൊളത്തറ, കരുവന്തിരുത്തി പാതിരിക്കാട് മേഖലകളിലാണ് മരങ്ങള്‍ വീടിനു മുകളിലേക്കും റോഡിലേക്കും വീണത്. അരീക്കാട് നല്ലളം റോഡ് ജങ്ഷനു സമീപത്തെ പെട്ടികടയുടെ മുകളിലേക്ക് തെങ്ങു മുറിഞ്ഞു വീണു. അരീക്കാട് പിലാക്കല്‍ ഷാഹുല്‍ ഹമീദിന്റെ കടയുടെ മുകളിലേക്കാണ് വീണത്. തെങ്ങ് വീഴുമ്പോള്‍ പെട്ടിക്കടക്കുള്ളിലുണ്ടായിരുന്ന ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പെട്ടിക്കട അപകടത്തില്‍ തകര്‍ന്നു. തെങ്ങ് വീണതിനെ തുടര്‍ന്നു നല്ലളം റോഡില്‍ ഗതാഗതം തടസപ്പെട്ടു.
കൊളത്തറ കെ.കെ ലിങ്ക് റോഡിലേക്ക് കൂറ്റന്‍ ബദാം മരം വീണു ഗതാഗതം തടസപ്പെട്ടു. കെ.വി സൈനുല്‍ ആബിദിന്റെ പറമ്പിലെ മരമാണ് സമീപത്തെ കുനിയില്‍ സലീമിന്റെ വീടിന്റെ മുകളിലേക്കും റോഡിലേക്കുമായി വീണത്. കൊളത്തറ പിലാക്കല്‍ സതീശന്റെ വീട്ടുമുറ്റത്തെ മാവ് മരം കാറ്റില്‍ വേരോടെ മറിഞ്ഞു വീണു.
മരം വീണതിനെ തുടര്‍ന്നു വീട്ടിലേക്കുള്ള വഴി തടസപ്പെട്ടു. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍നിന്നു ലീഡിങ് ഫയര്മാന് പി.കെ ഹംസക്കോയ, ഫയര്മാന് പി.ആര് സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ മരങ്ങളെല്ലാം മുറിച്ചു മാറ്റി. കരുവന്തിരുത്തി പാതിരക്കാട് തെങ്ങ് ഇരുനില വീടിന്റെ മുകളിലേക്ക് മുറിഞ്ഞു വീണു.
റൂബി റോഡില്‍ കാലത്ത് സ്വരാജിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രി തന്നെ മുറിച്ചു മാറ്റി. ചുങ്കത്തെ ഓര്മ മാര്‍ബിള്‍ ഷെഡ്ഡിന്റെ ഫൈബര്‍ ഷീറ്റ് കാറ്റില്‍ ചന്ത റോഡിലേക്കു മറിഞ്ഞു വീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."