ചരിത്രം വെട്ടി വീണ്ടും ബി.ജെ.പി സര്‍ക്കാര്‍; കര്‍ണാടകയില്‍ പാഠഭാഗങ്ങളില്‍ നിന്ന് ടിപ്പുവും ഹൈദരലിയും പുറത്ത്, കൊവിഡ് മൂലം സിലബസ് കുറച്ചതെന്ന് വിശദീകരണം
ബംഗളൂരു: കൊവിഡ് വ്യാപനം കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ കര്‍ണാടകയിലും പാഠ്യപദ്ധതി വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, 30 ശതമാനത്തോളം സിലബസ് ഒഴിവാക്കിയപ്പോള്‍ ടിപ്പു സുല്‍ത്താന്‍, ഹൈദരലി തുടങ്ങിയവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തില്‍ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ സിലബസ് പ്രഖ്യാപിച്ചത്. ഇതില്‍ 120 പ്രവൃത്തിദിനങ്ങളാണുള്ളത്. നിലവില്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ തല്‍ക്കാലത്തേക്കു മാത്രമായാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണമെങ്കിലും, ടിപ്പുവിന്റെയും ഹൈദരലിയുടെയും ചരിത്രം പാഠഭാഗങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നേരത്തെ, സി.ബി.എസ്.ഇ ജനാധിപത്യവും മതേതരത്വവും പഠിപ്പിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സിലബസ് പരിഷ്‌കരിച്ചതും വിവാദമായിരുന്നു. അന്നും ഇതേ വിശദീകരണമായിരുന്നു അധികൃതര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."