സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി വിമാനത്താവളം
തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്രാ വിമാനത്താവളം സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നു. രണ്ടുവര്‍ഷത്തിനിടെ 500 കിലോയിലധികം സ്വര്‍ണം കടത്തിയെന്നാണ് ഇന്നലെ പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് വിമാനത്താവള ജീവനക്കാര്‍തന്നെ കണ്ണികളാകുന്നുവെന്നത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. സംഘത്തിലെ കൂടുതല്‍ കണ്ണികള്‍ വരുംദിവസങ്ങളില്‍ പിടിയിലായേക്കും.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ചേമുക്കാല്‍ കിലോ വരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.ഇത് കടത്താന്‍ ശ്രമിച്ച വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായിരുന്നു.ഇതില്‍ ജീവനക്കാരനായ മുഹമ്മദ് ഷിനാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കടത്ത് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്.
വിമാനത്താവളം കസ്റ്റമേഴ്‌സ് വിഭാഗം ജീവനക്കാരായ കൊല്ലം കിടപ്പള്ളിക്കോട്ട കരൂര്‍ വീട്ടില്‍ കെ.ഫൈസല്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ ചെട്ടക്കാത് താന്നിപള്ളി സ്വദേശി മെബിന്‍ ജോസഫ്, ആറ്റിങ്ങല്‍ ആലംകോട് ന്യൂ ഹൗസില്‍ നബീല്‍ നാസര്‍, പത്തനംതിട്ട കലഞ്ഞൂര്‍ ചര്‍ച്ച് ഹൗസ് വിളിയില്‍ വീട്ടില്‍ റോണി സി.റോയ് എന്നിവരും ഏജന്റ് കോട്ടയം നടക്കല്‍ കരൂര്‍ വീട്ടില്‍ കെ.എം ഉബൈസുമാണ് ഇന്നല ഡയറക്ടേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
വിമാനത്താവളത്തിലെ കസ്റ്റമേഴ്‌സ് വിഭാഗം ജീവനക്കാരായ ഇവരാണ് യാത്രക്കാരെ വിമാനത്തില്‍ നിന്നും ടെര്‍മിനലില്‍ എത്തിക്കുന്നത്. ഇതായിരുന്നു കടത്തിന് വഴിയൊരുക്കിയത്. പരിശോധനക്ക് ഉദ്യോഗസ്ഥരെത്തിയെന്ന് സംശയം തോന്നിയാല്‍ ടെര്‍മിനലുകളുടെ ടോയ് ലെറ്റുകളില്‍ വച്ച് സ്വര്‍ണം കൈമാറ്റി പുറത്ത് എത്തിക്കും. ജീവനക്കാര്‍ പുറത്ത് എത്തിച്ചു കൊടുക്കുന്ന സ്വര്‍ണം മറ്റിടങ്ങളില്‍ എത്തിക്കുന്നത് ഉബൈസാണ്. ഇയാള്‍ പുറത്ത് കാത്ത് നില്‍ക്കുകയും സംഘത്തില്‍പ്പെട്ടവര്‍ നല്‍കുന്ന സ്വര്‍ണവുമായി കാറില്‍ കടത്തു നടത്തുന്നതുമായിരുന്നു രീതി. കടത്തിന് ഉപയോഗിച്ചു വന്ന ഇയാളുടെ കാറും പിടിച്ചെടുത്തിട്ടുണ്ട്. പഴുതടച്ച പരിശോധനകള്‍ നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."