വാഴനാരിലെ കരവിരുതിനൊപ്പം മനംനിറയും സംഗീതവുമായി ഷീജയും കുടുംബവും
അരീക്കോട് : വാഴനാരും സംഗീതവും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നവര്‍ മലപ്പുറം ജില്ലയിലെ കാവനൂരിലേക്ക് വരിക. സംഗീതവും വാഴനാരും ജീവിതത്തില്‍ ഇഴകിച്ചേര്‍ന്ന ഒരു കുടുംബമുണ്ടിവിടെ. അമ്മ വാഴനാരിനാല്‍ കരകൗശലവസ്തുക്കള്‍ നെയ്‌തെടുക്കുമ്പോള്‍ അച്ഛനും മക്കളും സംഗീതത്തിന്റെ വിവിധ വഴികളില്‍ സഞ്ചരിക്കുന്നു. കാവനൂര്‍ മാടാരക്കുണ്ടില്‍ കളരിക്കല്‍വീട്ടില്‍ ശശീന്ദ്രനും ഭാര്യ ഷീജയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഇത്തിരിപ്പോന്ന കൊച്ചുകൂരയിലിരുന്ന് വിസ്മയരൂപങ്ങള്‍ക്കൊപ്പം സംഗീതവുമായി കഴിയുന്നത്.
ഉമ്മറക്കോണില്‍ വാഴത്തട്ടയും പിണ്ടിയും കൂട്ടിയിട്ടിരിക്കുന്നു. അകത്ത് കടന്നാല്‍ കരകൗശലവസ്തുക്കളുടെയും സംഗീതോപകരണങ്ങളുടെയും വിപുല ശേഖരം. കളരിക്കല്‍വീട്ടിലെ വിസ്മയരൂപങ്ങളുടെ കലവറ കണ്ടാല്‍ വാഴപിണ്ടിയില്‍ നിന്നു രൂപംകൊള്ളുന്നതാണോ ഇവയെന്ന് സംശയിച്ചേക്കാം.
ചെറുതും വലുതുമായ വാഴനാരുല്‍പന്നങ്ങളാല്‍ അലങ്കരിച്ച ഭവനത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകളെത്തുന്നത് ഷീജയുടെ കരവിരുതിനെ പകര്‍ത്തിയെടുക്കാനും ഈ ഉള്‍ഗ്രാമത്തില്‍ വിരിഞ്ഞ ഉല്‍പന്നങ്ങളെ സ്വദേശത്തേക്ക് കൊണ്ടുപോവാനുമാണ്.
വയനാട് സ്വദേശിയായ ഡോളി ടീച്ചറുടെ നേതൃത്വത്തില്‍ ഒന്‍പത് വര്‍ഷം മുമ്പാണ് ഷീജ വാഴനാരില്‍ രൂപങ്ങളുണ്ടാക്കാന്‍ പഠിച്ചത്. പിന്നീട് കഠിനപരിശ്രമമായിരുന്നു സ്വന്തമായ ഉല്‍പന്നങ്ങള്‍ രൂപപ്പെടുത്താന്‍. ഗണേശ രൂപങ്ങള്‍, മയിലുകള്‍, മൃഗങ്ങള്‍, പേഴ്‌സുകള്‍, ചവിട്ടികള്‍, സഞ്ചികള്‍, തൊപ്പി, പൂക്കുടകള്‍, ബാഗുകള്‍, വിവിധയിനത്തിലുള്ള ഓഫിസ് ഫയലുകള്‍, ചെരുപ്പുകള്‍ ഇങ്ങനെ വാഴനാരില്‍ വിരിഞ്ഞ വിസ്മയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല.
വള, മാല, കമ്മല്‍ തുടങ്ങിയവക്കൊപ്പം ജ്വല്ലറി ഉല്‍പന്നങ്ങളും മനോഹരമായ കളിപ്പാട്ടങ്ങളും കുഷ്യനുകളും വരെയുണ്ട് ഈ ശേഖരത്തില്‍. പതിനായിരത്തോളം രൂപ ചെലവുവരുന്ന നെറ്റിപ്പട്ടവും ഷീജയുടെ മികവില്‍ വിരിഞ്ഞിട്ടുണ്ട്. 75,000 രൂപ ചെലവഴിച്ചാണ് വാഴനാര് സംസ്‌കരിക്കാനുള്ള യന്ത്രം വീട്ടിലെത്തിച്ചത്. നാരുകള്‍ സംസ്‌കരിച്ച് ചായംപൂശിയാല്‍ പിന്നെ മനസില്‍ വിരിയുന്നതെല്ലാം ഷീജ നെയ്യാന്‍ തുടങ്ങുകയായി.
ചണം, നൂലുകള്‍ എന്നിവ ഉപയോഗിച്ചും വൈവിധ്യമേറിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള കഴിവും സ്വായത്തമാക്കിയിരിക്കുന്ന ഷീജ വിദ്യാലയങ്ങളിലും വിവിധ വകുപ്പുകള്‍ക്ക് കീഴിലും വാഴനാരുല്‍പന്ന നിര്‍മാണ പരിശീലനം നല്‍കുന്നുണ്ട്. ഗുരുവായൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാംകുളം, തൃശൂര്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഷീജക്ക് നിരവധി തവണ വിദേശരാജ്യങ്ങളിലേക്ക് ക്ഷണവും ലഭിച്ചിരുന്നു. നാരുകള്‍ വാങ്ങാനും ഉല്‍പന്ന നിര്‍മാണം നേരില്‍ കണ്ട് പഠിക്കാനുമായി വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ട്.
ഉല്‍പന്ന നിര്‍മാണത്തിനായി വാഴനാരുകള്‍ വീട്ടിലെത്തിക്കുന്നത് ഭര്‍ത്താവും കുട്ടികളുമാണ്. ആഭരണ തൊഴിലാളിയായ ഭര്‍ത്താവ് ശശീന്ദ്രന്‍ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമാണ്. ഡ്രംസ്, ഗിറ്റാര്‍, കീബോര്‍ഡ്, തബല, പിയാനൊ, സിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരുമ്പോഴും ഈ സാധാരണ കുടുംബം സംഗീതത്തിലും വാഴനാരില്‍ വിരിയുന്ന വിസ്മയരൂപങ്ങളിലും സന്തോഷം കണ്ടെത്തുകയാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മിധുവിനും റിഥുവിനും വഴങ്ങാത്ത സംഗീതമില്ലെന്ന് പറയാം.
ഇരട്ടകളായ ഇവര്‍ ഡ്രംസും കീബോര്‍ഡും തബലയുമായി താളമിട്ടാല്‍ ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി മേഘ മനോഹരമായി പാട്ടുപാടാന്‍ തുടങ്ങും. ഓണം, പെരുന്നാള്‍ തുടങ്ങിയ വിശേഷാല്‍ ദിനങ്ങളില്‍ സംഗീതപ്രേമികള്‍ ഈ കൊച്ചുവീട്ടില്‍ മേഘയുടെ പാട്ടുകേള്‍ക്കാനെത്തുക പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."