വള്ളിക്കുന്നില്‍ തീരം കടലെടുത്തു കലിയടങ്ങാതെ കടല്‍
വള്ളിക്കുന്ന്/പൊന്നാനി: വള്ളിക്കുന്ന് വില്ലേജിലെ കടലുണ്ടി നഗരം, ആനങ്ങാടി ബീച്ച്, ഫിഷ് ലാന്‍ഡിങ് സെന്റര്‍, ബാഫഖി നഗര്‍, മുദിയം ബീച്ച്, പരപ്പാല്‍ ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. കടല്‍ഭിത്തി തകര്‍ത്തും ഭിത്തിക്കു മുകളിലൂടെയും പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയാണ്.
ആനങ്ങാടി ബീച്ച്, ഫിഷ് ലാന്‍ഡിങ് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അന്‍പതു മീറ്ററോളം കടല്‍ തീരവും കടലെടുത്തിട്ടുണ്ട്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എ ലത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പ്രശാന്ത്, ഷാജി, ഉണ്ണികൃഷ്ണന്‍, വില്ലേജ് ഓഫിസര്‍ എ. ആബിദ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു. പൊന്നാനിയുടെ വിവിധ ഭാഗങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. 12 വീടുകളില്‍ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്കു താമസം മാറ്റിയിട്ടുണ്ട്. പൊന്നാനി, മുറിഞ്ഞഴി, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.
കടല്‍ഭിത്തിയുള്ള ഭാഗങ്ങളില്‍ ഭിത്തിയും കടന്നാണ് തിര വീടുകളിലേക്ക് ഇരമ്പിയെത്തുന്നത്. പലയിടത്തും ഭിത്തിയും തകര്‍ന്ന നിലയിലാണ്.
പൊന്നാനിക്കു പുറമേ വെളിയംകോട് മുതല്‍ ചാവക്കാട് വരെയും തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. പലയിടത്തും തെങ്ങുകള്‍ കടപുഴകിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി.
ട്രോളിങ് നിരോധനം കാരണം പട്ടിണിയിലായതിനു പുറമേ പലരുടെയും വള്ളങ്ങള്‍ തകര്‍ന്ന് ഏഴു കോടിയോളം കോടിയുടെ നാശനഷ്ടമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."