ജനങ്ങളുടെ പ്രതീക്ഷയും വികാരവുമാണ് സഭയില്‍ പ്രതിഫലിക്കേണ്ടത്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകളും വികാരവുമാണ് നിയമസഭയില്‍ പ്രതിഫലിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പ്രതീക്ഷയ്ക്കു ഒത്ത് സാമാജികര്‍ക്ക് ഉയരാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധക്കേണ്ടതുണ്ട്.
കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് രാഷ്ട്രീയപാര്‍ട്ടികളും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണം. പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ കൂടുതല്‍ ചെറുപ്പക്കാര്‍ സഭയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യകേരളം പിറവിയെടുത്ത ശേഷം ആദ്യമായി നിയമസഭ ചേര്‍ന്നതിന്റെ 60ാം വാര്‍ഷികമാണിന്ന്. പിന്നിട്ട വഴികളെ ഓര്‍ത്തെടുത്ത് നിയമസഭയുടെ ഇന്നത്തെ സമ്മേളനം ചേര്‍ന്നത് പഴയ നിയമസഭാ ഹാളിലായിരുന്നു. 26ാം വയസില്‍ നിയമസഭാ സാമാജികനായി താന്‍ കടന്നുവന്നത് ഈ സഭയിലേക്കായിരുന്നുവെന്ന് ചെന്നിത്തല അനുസ്മരിച്ചു.
സഭയിലെ സബ്ജക്ട് കമ്മിറ്റിയുടെ ചുവടുപിടിച്ചാണ് ബല്‍റാം താക്കര്‍ ലോക്‌സഭാ സ്പീക്കറായിരിക്കെ പാര്‍ലമെന്ററി കമ്മറ്റി രൂപീകരിക്കുന്നത്. രാഷ്ട്രീയ പരീക്ഷണശാല കൂടിയാണ് ഈ സഭ. രാജ്യത്ത് ആദ്യമായി കൂട്ടുകക്ഷി ഭരണം വിജയകരമായി നടപ്പിലായതും തുല്യനീതിക്കായുള്ള സാമൂഹിക അടിത്തറപാകിയതും ഇവിടെ ആണ്.
ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും തമ്മിലുള്ള അകലം വര്‍ധിക്കുകയാണോയെന്നും ഭരണഘടന വിഭാവനം ചെയ്ത രീതിയിലാണോ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ബന്ധമെന്നും പരിശോധിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങള്‍ സഭയില്‍ നിര്‍മിക്കപ്പെടണം. കേരള നിയമസഭക്ക് നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശങ്കകളും സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന സംശയമാണ് 1982ല്‍ ആദ്യം ഈ നിയമസഭയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തനിക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."