ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്കും ബാങ്കുവഴി ശമ്പളം ലഭ്യമാക്കും
ദോഹ: ഖത്തറിലെ വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്കിലൂടെ വിതരണം ചെയ്യുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കും. വേലക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. വീട്ടുജോലിക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനുള്ള നിയമം ഫെബ്രുവരിയില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു.വീടുകളില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ കരാറിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും നിയമംനിര്‍ദേശിക്കുന്നു.
വീട്ടുജോലിക്കാര്‍ സ്‌പോണ്‍സറുടെ മേല്‍നോട്ടത്തില്‍ സേവന, വേതനങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന തൊഴില്‍കരാര്‍ പ്രകാരമായിരിക്കണം പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍മാര്‍, പാചകക്കാര്‍, പൂന്തോട്ട ജോലിക്കാര്‍ തുടങ്ങിയവരാണ് ഗാര്‍ഹിക തൊഴിലാളികളായി കണക്കാക്കുന്നത്. സ്‌പോണ്‍സറുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം നിഷ്‌കര്‍ഷിക്കുന്നതുമാണ് നിയമം.
ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം തൊഴിലുടമ ബാങ്കുവഴി നല്‍കാനോ വേതനം നല്‍കിയതിന്റെ റസീപ്റ്റ് സൂക്ഷിക്കാനോ നിയമം പറയുന്നു. വേതനം തൊഴിലാളി സ്വീകരിച്ചതിന്റെ രേഖ ഇരു പാര്‍ട്ടികളും സൂക്ഷിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ്, വീട്ടിലെ ചുമതലകള്‍, അവധി, ജോലിസമയം എന്നിവയെല്ലാം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധികൃതരുടെ അംഗീകാരം നേടിയ സ്ഥാപനങ്ങളായിരിക്കണം ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. കോമ്പീറ്റന്റ് അതോറിറ്റിയില്‍നിന്ന് അനുമതി ലഭിക്കുന്നവര്‍ക്കാണ് രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."