വൈദ്യുതി മുടക്കം പുനസ്ഥാപിക്കാനാകാതെ കെ.എസ്.ഇ.ബി
ഇരിട്ടി: കനത്ത മഴയ്‌ക്കൊപ്പം തുടരുന്ന കാറ്റില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനാവാതെ കെ.എസ്.ഇ.ബി അധികൃതര്‍. രണ്ട് ദിവസത്തിനിടയില്‍ അഞ്ചു തവണ വീശിയടിച്ച കാറ്റില്‍ കെ.എസ്.ഇ.ബിക്ക് ഇരിട്ടി സബ് ഡിവിഷനില്‍ മാത്രമുണ്ടായ നഷ്ടം അര കോടിയിലധികം രൂപയുടേതാണ്.
ഇന്നലെ അവധി ദിവസമായിട്ടും സാധാരണ 27 വകുപ്പ് ജീവനക്കാര്‍ മാത്രം ചുമതലയില്‍ വേണ്ടിടത്ത് 120 പേരെ രംഗത്തിറക്കി പ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രധാന ടൗണുകളില്‍ പോലും രാത്രിയിലും വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല.
മുന്നൂറിലധികം സ്ഥലത്താണ് മരം വീണത്. 800 കിലോമീറ്ററോളം ലൈന്‍ പോകുന്ന ദൂരത്തിലാണ് ഈ കെടുതികള്‍ സംഭവിച്ചത്. 10 എച്ച്.ടി ലൈന്‍ തൂണുകളും 52 എല്‍.ടി ലൈന്‍ തൂണുകളും മരം വീണ് തകര്‍ന്നു. എച്ച്.ടി കണക്ടര്‍ അറുപതും എല്‍.ടി കണക്ടര്‍ ഇരുന്നുറും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് ഇരിട്ടി, കേളകം, എടൂര്‍ സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നുണ്ടായ കാറ്റിലാണ് നഷ്ടങ്ങളുടെ തുടക്കം. മിക്കയിടത്തും മരം വീണു. ഇതില്‍ ഭൂരിഭാഗവും പരിഹരിച്ച് ഒന്‍പതരയോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈദ്യുതി പുനസ്ഥാപിച്ചു. ഈ സമയം വീണ്ടും കാറ്റുവീശി.
പിന്നീട് രാത്രി 11.30 നുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ വീണ്ടും എല്ലാം തകര്‍ത്തടിച്ചു. ലോകകപ്പ് ഫൈനല്‍ കൂടി നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ഞായറാഴ്ച ആയിട്ടും കെ.എസ്.ഇ.ബി ജീവനക്കാരോടെല്ലാം എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ പ്രവൃത്തി നടക്കുന്നതിനിടയില്‍ രാവിലെ 6.30നും ഉച്ച കഴിഞ്ഞ് 2.30നും കാറ്റു വീശി. നന്നാക്കിവരുമ്പോള്‍ വീണ്ടും പ്രധാനലൈനില്‍ തന്നെ മരം വീണ് തകരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും ബ്രാഞ്ച് ലൈനുകളിലടക്കം വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.ടി ബിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."