ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിനെതിരേ ക്രൈംബ്രാഞ്ച് സുപ്രിംകോടതിയിലേക്ക്
കൊല്ലം: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രിംകോടതിയിലേക്ക്. ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. അമ്മ രാജമ്മാളിനേയും കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും മാതാവ് രാജമ്മാളിന് മൂന്ന് വര്‍ഷം കഠിനതടവുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
എന്നാല്‍ ഈ വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു ഹരജിയില്‍ ആരോപിച്ചത്. തനിക്കെതിരേ തെളിവുകളില്ലെന്നും കുട്ടിയെ മാത്രമാണ് സാക്ഷിയായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും ഇത് വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്. കുട്ടി പറഞ്ഞ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ മാത്രമാണ് സാക്ഷിയായി അവതരിപ്പിച്ചതെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."