കനത്ത മഴയില്‍ സംസ്ഥാനത്തിന്ന് ആറു മരണം
തിരുവന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് ആറ് മരണം. നാലു പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കാരിയാട് തോട്ടില്‍ ഒഴുക്കില്‍പെട്ട് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില് കുളത്തില്‍ വീണ് അദിനാന്‍, ഇന്നലെ കാണാതായ രാജാക്കാട് എന്‍ആര്‍. സിറ്റി വിഷ്ണു എന്നിവരാണ് മരിച്ചത്. മാനന്തവാടി പെരിയ സ്വദേശി അജ്മലിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി.
[caption id="attachment_577822" align="aligncenter" width="620"] പെരിയയില്‍ തോട്ടില്‍ കാണാതായ അജ്മലിനായി നടത്തിയ തെരച്ചില്‍[/caption]മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠന്‍ ചാലില്‍ ചികിത്സ വൈകി ഒരാള്‍ മരിച്ചു. വെള്ളാരം കുത്ത് ആദിവാസി കോളനിയില്‍ താമസിക്കുന്ന ടോമിയാണ് മരിച്ചത്.
ഇന്നലെ കാണാതായ മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വ്യാപക നാശനഷ്ടം
അതേസമയം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയ്ക്കു സമീപം പൂമാലയില്‍ ഉരുള്‍പൊട്ടി കൃഷിയിടം നശിച്ചു. കോട്ടയം ജില്ലയില്‍ പൂഞ്ഞാറിലാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. മീനച്ചില്‍ താലൂക്കിലെ തലനാട് ചൊന്നമലയിലും കൂട്ടിക്കല്‍ ഇളങ്കാടും ഉരുള്‍പൊട്ടലുണ്ടായി. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു. പാലാ,ഈരാറ്റുപേട്ട നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി, കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അടക്കം നിര്‍ത്തിവെച്ചു.
[caption id="attachment_577861" align="aligncenter" width="620"] മഴ വെള്ളം കയറിയ എറണാകുളം കെ എസ് ആര്‍ ടി സി. ഡിപ്പോ[/caption]കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷമാണ്. എംജി റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ വീടുകളിലും കടകളിലും വെള്ളം കയറി. പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി.
മഴ കാരണം പലയിടത്തും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ആറുകളില്‍ നിന്നും വെള്ളം റോഡുകളിലേക്ക് കയറിയിട്ടുണ്ട്. പല പുഴകളും കൈത്തോടുകളും കരകവിഞ്ഞൊഴുകുകയാണ്.
കുട്ടനാട് കൈനകരിയില്‍ രണ്ടിടങ്ങളില്‍ മടവീണു. അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടിയന്തരമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.
വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. കോഴിക്കോട് ചുണ്ടത്തും പൊയിലില്‍ ക്രഷറിലെ തടയണ പൊട്ടി കൃഷിയിടം ഒലിച്ചുപോയി.
[caption id="attachment_577862" align="aligncenter" width="620"] കൊച്ചി മേയര്‍ സൗമിനി ജയിന്‍ വെള്ളം കയറിയ എസ് ആര്‍ വി സ്‌ക്കൂള്‍ സന്ദര്‍ശിക്കാ നെത്തിയപ്പോള്‍.[/caption]ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനു മുകളില്‍ മരം വീണു. മംഗലാപുരം കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിനു മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6.45 നായിരുന്നു സംഭവം. ആളപായമില്ല.
ആലപ്പുഴ തുറവൂര്‍ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എറണാംകുളം നിലമ്പൂര്‍ പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്.
ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തടസ്സപ്പെട്ടതാണ് തീവണ്ടികള്‍ വൈകിയോടാന്‍ പ്രധാന കാരണം. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
ജാഗ്രത പാലിക്കണം
വ്യാഴാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് യാത്ര ഒഴിവാക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."