ജേര്‍ണി ഓഫ് ദി നേഷന്‍; ഇത് കോണ്‍ഗ്രസ് കാര്‍
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ചരിത്രവും നരേന്ദ്രമോദി ഭരണത്തില്‍ ജനങ്ങള്‍ നേരിട്ട പ്രയാസങ്ങളെയും ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ വേറിട്ട പ്രചാരണവുമായാണ് കോഴിക്കോട് കല്ലായി ഇറാനി ഹൗസില്‍ അബ്ദുല്‍ വഹാബ്. മുസ്ലിം ലീഗുകാരനാണെങ്കിലും കോണ്‍ഗ്രസിന്റെ 125 വര്ഷത്തെചരിത്ര ശേഷിപ്പുകളും ചിത്രങ്ങളുമാണ് ജേര്‍ണി ഓഫ് ദി നേഷന്‍ എന്ന പേരില്‍ വാഹനം നിറയെ പതിച്ചിരിക്കുന്നത്.
ഫോര്‍ച്യൂണര്‍ കാറിന്റെ ഒരു ഭാഗം നിറയെ കോണ്‍ഗ്രസിന്റെ ചരിത്രം പറയുന്ന കട്ടിങ്ങുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവര്‍ ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ഫോട്ടോ, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടപ്പോള്‍ പ്രമുഖ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട് എന്നിവയും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങളുമാണ് ഒരു ഭാഗം നിറയെ സ്ഥാനം പിടിച്ചിരിക്കുന്നത്.
മുന്‍വശത്തെ ഗ്ലാസ് നിറയെ സി. എച്ച് മുഹമ്മദ് കോയ, ശിഹാബ് തങ്ങള്‍, കെ. കരുണാകരന് തുടങ്ങി കേരളത്തിലെ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കളുടെ ചിത്രങ്ങളാണ് പതിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടേയും വയനാട്, കോഴിക്കോട് സന്ദര്‍ശന ചിത്രങ്ങള്‍, ഇരുവരും റോഡ് ഷോക്കിടയില്‍ വീണുപോയ മാധ്യമപ്രവര്‍ത്തകനെ സഹായിക്കുന്ന ചിത്രം എന്നിവയുമുണ്ട്.
കാറിന്റെ ഇടതുവശത്ത് മോദി ഭരണത്തില്‍ സാധാരണക്കാര്‍ നേരിട്ട ദുരിതങ്ങളുടെ പത്രക്കട്ടിങ്ങുകളും ചിത്രങ്ങളുമാണ് പതിച്ചിരിക്കുന്നത്. കൂടാതെ നോട്ട് നിരോധനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും റാഫേല്‍ അഴിമതിയുടെ വാര്‍ത്തകളും വിശദാംശങ്ങളുമൊക്കെയുണ്ട്.
രണ്ടാം തവണയാണ് വാഹനം ഇത്തരത്തില്‍ രൂപപ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ വാഹനത്തില്‍ പതിപ്പിച്ച ചിത്രങ്ങളെല്ലാം മംഗലാപുരത്തു വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്യേണ്ടി വന്നു. ചില ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് അധികൃതരുടെ പക്കലായിപ്പോകുകയുമുണ്ടായി. അതിനെ തുടര്‍ന്നാണ് വീണ്ടും ചിത്രങ്ങള്‍ പതിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
രണ്ടര ദിവസം കൊണ്ടാണ് വാഹനത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. ഏകദേശം ഒന്നരലക്ഷം രൂപ ചെലവു വന്നു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ എച്ച്ഡി പ്രിന്റ് ചെയ്താണ് പതിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറയുന്നു.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. രാഹുല്‍ ഗാന്ധിയെ നേരില്‍ കാണണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഇനി ബാക്കിയുള്ളത്. ഇതിനായി അടുത്ത ദിവസം കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാന്‍ ഈ വാഹനവുമായി പോകുമെന്ന് പ്രവാസിയായ വഹാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."