ചട്ടലംഘന പരാതി; ഉണ്ണിത്താന്‍ മറുപടി നല്‍കി
കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരണാധികാരിയായ കാസര്‍കോട് ജില്ലാ കലക്ടര്‍ക്കു മറുപടി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ചട്ടങ്ങള്‍ ലംഘിക്കില്ലെന്നും അഡ്വ. സി.കെ ശ്രീധരന്‍ മുഖേന നല്‍കിയ മറുപടിയില്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവേ ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി പരാമര്‍ശിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഇടതുമുന്നണിയുടെ പരാതി.
ഇടതുമുന്നണി കാസര്‍കോട് ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ ടി.വി രാജേഷ് എം.എല്‍.എയാണ് വരണാധികാരിക്കു പരാതി നല്‍കിയത്. കലക്ടര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം പരിശോധിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്‌ക്രീനിങ് കമ്മിറ്റി കലക്ടര്‍ക്കു നല്‍കിയിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ചട്ടലംഘനം സംബന്ധിച്ച് ഉണ്ണിത്താനോട് വിശദീകരണം തേടിയത്. ഈ വിശദീകരണത്തിനാണ് ഉണ്ണിത്താന്‍ ഇന്നലെ കലക്ടര്‍ക്കു മറുപടി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."