മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചാരണം നടത്താം, രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം, ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് വോട്ടെടുപ്പ് നടത്താന്‍ ആലോചിക്കുന്നത്. പുതുക്കിയ വോട്ടര്‍ പട്ടിക ഈ മാസം രണ്ടാംവാരത്തില്‍ പുറത്തിറക്കും.
വോട്ടിങ് ഒരുമണിക്കൂര്‍ നീട്ടി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു മണിവരെയാക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടിങ് ദിവസവും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പൊതുസമ്മേളനങ്ങള്‍ക്കു പകരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം.
രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കുന്ന ജീവനക്കാര്‍ക്കു മാസ്‌കും കൈയുറകളും നല്‍കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ടു ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം.
കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്‌സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടുചെയ്യാം) ചെയാന്‍ അനുമതി നല്‍കും. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താല്‍കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."