'ബെല്യാളും പിള്ളേരും' ദുബൈയില്‍ ഒത്തുകൂടി
തൃക്കരിപ്പൂര്‍: നാലു പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന എടച്ചാക്കൈ പ്രദേശത്തെ മുതിര്‍ന്നവരും കുട്ടികളും ദുബൈ ഖിസൈസിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ സ്നേഹവും കരുതലുമായി കുടുംബ സമേതം സംഗമിച്ചു. പടന്ന പഞ്ചായത്തിലെ എടച്ചാക്കൈയിലെ നിരവധി ആളുകള്‍ വിവിധ രാജ്യങ്ങളിലുണ്ട്. ഇവരോടൊപ്പം ഒത്തുചേരാന്‍ നാട്ടില്‍ നിന്ന് നിരവധിയാളുകള്‍ ദുബൈയിലെത്തിയിരുന്നു. ഒരു ദിനം മുഴുവന്‍ മുതിര്‍ന്നവരായ ബെല്യാളും പുതുതലമുറയിലെ പിള്ളേരും കുടുംബസമേതം പങ്കെടുത്ത സംഗമം ശ്രദ്ദേയമായി.
പരസ്പര ഐക്യവും സ്നേഹവും സൗഹാര്‍ദവും പങ്കുവെച്ച് നടന്ന നാടന്‍ കളികള്‍ അരങ്ങേറിയത് നവ്യാനുഭമായി. സംഗമം കെ.എം.സി.സി യു.എ.ഇ നാഷണല്‍ വൈസ് പ്രസിഡന്റ് എം.സി ഹുസൈനാര് ഹാജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പി.ബഷീര്‍ അധ്യക്ഷനായി. പി.ഹുസൈനാര്, എന്‍.സി ഷാഹുല്‍ ഹമീദ് സംസാരിച്ചു. നാലു പതിറ്റാണ്ടിലേറെ പ്രവാസ ലോകത്ത് മത, സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നാട്ടിനും സമൂഹത്തിനും മാതൃകാപരമായ സേവനമനുഷ്ടിച്ച എം.സി അബ്ദുല്ല ഹാജിയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു. പ്രവാസ ലോകത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന ടി.പി മുഹമ്മദ് കുഞ്ഞിക്ക് സംഗമത്തില്‍ വെച്ച് യാത്രയയപ്പ് നല്കി.
വിവിധ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡിന് പി ബഷീര്‍ (ബിസിനസ്) എന്‍.സി ശാഹുല്‍ ഹമീദ് (ജീവകാരുണ്യം), എം.സി ഹുസൈനാര് ഹാജി (സാമൂഹ്യം), ഖലീലുറഹ്മാന് അല്‍കാശിഫി (പ്രബോധനം) എന്നിവര്‍ അര്‍ഹരായി. ഫാമിലി ഫെസ്റ്റിന് പി ഹുസൈനാര്, എന്‍.ബി ഖാലിദ് ,എന്‍.സി അഷ്റഫ്, ടി സൈനുല്‍ ആബിദ്, എന്‍.സി ഫൈസല്‍ അലി, പി സര്‍താജ്, എന്‍.സി ഹുസൈന്, കെ.കെ റാഷിദ്, കെ.പി ഖാലിദ്, ടി.കെ.സി ശാഹുല്‍ ഹമീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."