കുടിവെള്ളക്ഷാമം രൂക്ഷം; പാറശാലയില്‍ ജലചോര്‍ച്ചക്ക് പരിഹാരം കാണാതെ അധികൃതര്‍
പാറശാല: കുടിവെളള ക്ഷാമം രൂക്ഷമായിട്ടും ഉള്ള ജലം പാഴാക്കാതിരിക്കുന്നതില്‍ വിമുഖത കാണിച്ച് വാട്ടര്‍ അതോറിറ്റി. പാറശാലയില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവ് കാഴ്ചയാവുകയാണ്. ജില്ലയില്‍ എല്ലാ വേനലിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പാറശാലയില്‍ ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മേഖലയില്‍ നേരിടുന്നത്. പാറശാല വണ്ടിച്ചിറ ജലപദ്ധതിയുടെ കീഴിലുള്ള നിരവധി പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണ്. ഇതിനിടയില്‍ വണ്ടിച്ചിറ വാട്ടര്‍ അതോറിറ്റിയുടെ പരിസര ഭാഗങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളിലെക്ക് ടാങ്കറുകളില്‍ ജലം സംഭരിച്ച് ജലചൂക്ഷണം നടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ജലം പാഴാക്കരുതെന്നും അത് അമൂല്യമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്നവരോട് ജലം പാഴാക്കുന്ന വിവരം വിളിച്ചു പറഞ്ഞാല്‍ ചെവിക്കൊളില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച വണ്ടിച്ചിറ ജലസംഭരണി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ തികയും മുമ്പ് തന്നെ സംഭരണിയില്‍ വീണ്ടും ചോര്‍ച്ചയുണ്ടായത് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണമാണെന്നും ആക്ഷേപമുണ്ട്. ഒരു ലക്ഷത്തിലധികം ജനങ്ങളാണ് ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ആശ്രയിക്കുന്നത്. വെള്ളം പാഴാകുന്നതിനെതിരേ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."