വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മാണം ഉടന്‍
കൂറ്റനാട്: വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണം വൈകാതെ ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവൃത്തികളാരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞമാസം ഭിത്തിയോടുചേര്‍ന്ന് പുഴയിലെ മണ്ണിന്റെയും പാറയുടെയും സാംപിളുകളെടുത്തിരുന്നു. 1.96 കോടി രൂപ ചെലവില്‍ ഭിത്തിയുടെ തകര്‍ന്നഭാഗത്തെ ഏകദേശം നൂറുമീറ്ററോളമാണ് പുനര്‍നിര്‍മിക്കുന്നത്. ഇതിനായി 69.8 മീറ്ററോളം നീളത്തില്‍ പൈലിങ് നടത്തേണ്ടതുണ്ട്. ഈ നീളത്തില്‍ നാലിടങ്ങളിലായി മണ്ണുതുരന്ന് മൂന്ന് എന്‍ജിനീയര്‍മാരുടേയും ഒരു ഓവര്‍സീയറുടേയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഇങ്ങനെ ലഭിക്കുന്ന സാംപിളുകള്‍ ലാബില്‍ പരിശോധിച്ച് അനുകൂലമാണെങ്കിലേ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കൂ. ഈ ജോലി പൂര്‍ത്തിയായതോടെ ഭിത്തിയുടെ രൂപകല്‍പന നടത്താനൊരുങ്ങുകയാണ് എന്‍ജിനീയമാര്‍.
അതേസമയം, നിര്‍മാണം നീണ്ടുപോകുന്നതിനാല്‍ തകര്‍ന്ന ഭിത്തി കാടുപിടിച്ച നിലയിലാണ്. ഭിത്തിയുടെ മുകളില്‍ വലിയ വാഴ വളര്‍ന്നുനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
കഴിഞ്ഞ പ്രളയകാലത്താണ് സംരക്ഷണഭിത്തി തകര്‍ന്നുവീണത്. തുടര്‍ന്ന് മണ്‍ചാക്കുകള്‍കൊണ്ട് താല്‍ക്കാലിക സംരക്ഷണഭിത്തി നിര്‍മിക്കുകയായിരുന്നു. റെഗുലേറ്ററിന്റെ ഏപ്രണില്‍ ഗുരുതര തകരാറുള്ളതായി വിവരാവകാശരേഖ പുറത്തുവന്നിരുന്നു. സാങ്കേതികാനുമതി ലഭിക്കണം രൂപകല്‍പന പൂര്‍ത്തിയാക്കി സാങ്കേതികാനുമതി ലഭിക്കണം.
തുടര്‍ന്ന് അനുമതിയും ദര്‍ഘാസുമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്. ഒരുമാസത്തിനകം നിര്‍മാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. അടുത്ത മഴക്കാലത്തിനുമുന്‍പ് സംരക്ഷണഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഏപ്രണ്‍ നന്നാക്കുന്നതിന്റെ ഭാഗമായി എന്‍.ഐ.ടിയുടെ പഠനറിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്ന് എം. ബാലകൃഷ്ണന്‍ ചമ്രവട്ടം അസി. എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."