കാട്ടാന ഭീതിയൊഴിയാതെ മറയൂര്‍ മേഖല
മറയൂര്‍: വീട്ടുമുറ്റത്ത് വച്ച് കാട്ടാനയുടെ കുത്തേറ്റ് ബേബി എന്ന യുവതിയുടെ മരണം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജുലൈ 17 നു സന്ധ്യയോടെയാണ് കാന്തല്ലൂര്‍ കുണ്ടക്കാട് ഭാഗത്ത് സ്വന്തം വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സമീപത്ത് എത്തിയ ഒറ്റയാന്‍ യുവതിയായ ബേബിയെ കൊലപ്പെടുത്തിയത്.
കുണ്ടക്കാട് വാഴപ്പള്ളില്‍ വീട്ടില്‍ ഭാസ്‌കരന്റെയും സരോജിനിയുടെയും മകളായ ബേബിയെ മാതപിതക്കളുടെ കണ്‍മുന്‍പില്‍ വച്ചാണ് കുത്തികൊലപ്പെടുത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ മാതാവ് സരോജിനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബേബിയുടെ മരണത്തെ തുടര്‍ന്ന് മറയൂര്‍ - കാന്തല്ലൂര്‍ മേഖലയില്‍ വനം വകുപ്പിനെതിരെ ശക്തമായ സമരമാണ് നടന്നത്. മൃതദേഹവുമായി അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചതിനെ തുടര്‍ന്ന് തഹസ്സില്‍ദാര്‍ എത്തി മറയൂര്‍ മേഖലയിലെ കാട്ടാന ശല്യം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജനകീയ സമരം അവസാനിപ്പിച്ചത്.
എന്നാല്‍ അന്ന് വനം വകുപ്പ് നല്‍കിയ ഉറപ്പ് ഒന്നും പാലിച്ചിട്ടില്ല. അതിദാരുണമായ സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ഏറ്റവും അധികം കാട്ടാനയുടെ ആക്രമണം നേരിടുന്ന പ്രദേശമായി തുടരുകയാണ് കുണ്ടക്കാട്, വെട്ടുകാട് , കീഴാന്തൂര്‍,പെരടിപള്ളം ഭാഗങ്ങള്‍. ബേബിയുടെ മരണത്തെ തുടര്‍ന്ന് ആക്രമണകാരിയായ ഒറ്റയാനെ തുരത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും കുംകി ആനകളെ എത്തിച്ചിരുന്നെങ്കിലും വനം വകുപ്പിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കൊലയാളിയായ ഒറ്റകൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റയാന്‍ ഇപ്പോഴും ആദിവാസി പുനരധിവാസ കോളനിയിലും കരിമുട്ടി , ബാബു നഗര്‍ പ്രദേശങ്ങളിലും ചുറ്റിതിരിയുന്നതിനാലും കൃഷി നശിപ്പിക്കുന്നതിനാലും ജനം ഇപ്പോഴും ഭീതിയിലാണ്.
കാട്ടാനയെ ഭയന്ന് കോളനി നിവാസികള്‍ കനത്ത മഴപെയ്യുമ്പോള്‍ പോലും വീടിന് മുകളില്‍ കുടില്‍ കെട്ടിയാണ് രാത്രികാലങ്ങളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."