ചൈനയിലെ കാഷ്ഗര്‍ വ്യോമതാവളത്തില്‍ ആണവായുധങ്ങള്‍?
സിന്‍ജിയാങ്(ചൈന): ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങുന്നതിനു മുമ്പേ സിന്‍ജിയാങ്ങിലെ കാഷ്ഗര്‍ വ്യോമതാവളത്തിലെ ഭൂഗര്‍ഭ അറയില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി വച്ചിരുന്നതായി റിപ്പോര്‍ട്ട്. അവിടെ ഭൂഗര്‍ഭ അറ നിര്‍മിക്കുന്നതും ആണവ പോര്‍മുനകള്‍ വഹിക്കാവുന്ന എച്ച്-6 ബോംബര്‍ വിമാനങ്ങള്‍ ജൂണ്‍ മുതല്‍ കണ്ടതുമാണ് ഈ സംശയമുണര്‍ത്തുന്നത്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പഠനത്തിനു വിധേയമാക്കിയാണ് ഇന്ത്യാ ടുഡേ ടീം ഈ നിഗമനത്തിലെത്തിയത്.
ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കാന്‍ വരെ ചൈനീസ് സേന തയാറെടുത്തിരുന്നു എന്നാണിത് കാണിക്കുന്നത്. എച്ച്-6 ബോംബറുകള്‍ അടുത്തിടെ ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തിയ സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന കാരകോരം പാസിലേക്ക് കാഷ്ഗര്‍ വ്യോമതാവളത്തില്‍ നിന്ന് 475 കി.മീ ദൂരമേയുള്ളൂ. പാന്‍ഗോങ് തടാകത്തിലേക്ക് 690 കിലോമീറ്ററും. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ വ്യോമതാവളത്തിലേക്ക് കാഷ്ഗര്‍ വ്യോമതാവളത്തില്‍ നിന്നുള്ളത് 490 കി.മീ മാത്രം.
കാഷ്ഗര്‍ വ്യോമതാവളത്തിലെ കഴിഞ്ഞ എട്ടു മാസത്തെ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയാണ് ഇന്ത്യാ ടുഡേ ടീം ലഭ്യമാക്കിയത്. ഇവിടെ പണിത ഭൂഗര്‍ഭ അറ ശത്രുവിന്റെ നേരിട്ടുള്ള ആക്രമണം ചെറുക്കാനും സൈനികമായ തയാറെടുപ്പുകള്‍ സാറ്റലൈറ്റ് നിരീക്ഷണത്തില്‍ പെടാതിരിക്കാനുമുള്ളതാണെന്നാണ് കരുതുന്നത്. ഈ ഭൂഗര്‍ഭ അറയുടെ നിര്‍മാണം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടാവുന്നതിന് എത്രയോ മുമ്പ് കഴിഞ്ഞ വര്‍ഷം തുടങ്ങിയതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കാഷ്ഗര്‍ താവളത്തിലെ വിമാനങ്ങള്‍ നേരത്തെ തുറസായ നിലയിലാണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് ഇന്ത്യന്‍ വ്യോമസേനയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ ഒരു മുന്‍ ഓഫിസര്‍ പറഞ്ഞു. അതേസമയം ഷെല്‍ട്ടറിനകത്തുള്ളത് ആണവായുധമാണോ മറ്റേതെങ്കിലും രഹസ്യ ആയുധമാണോ എന്നു വ്യക്തമല്ല.
ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന നയം ചൈന സ്വീകരിച്ചിട്ടുണ്ടെങ്കിലും പടിഞ്ഞാറന്‍ വിദഗ്ധര്‍ അതില്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ നാലിന് ലഡാക്കിലെ സംഘര്‍ഷ പശ്ചാത്തലത്തിലാണ് ആറ് എച്ച്-6 ബോംബറുകള്‍ കാഷ്ഗര്‍ താവളത്തില്‍ വിന്യസിച്ചത് പഠനസംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ എച്ച്-6 ബോംബറുകള്‍ വിന്യസിക്കുന്നത് ആദ്യമായാണ്. കിഴക്കന്‍ അതിര്‍ത്തിയില്‍ 12 ജെ.എച്ച്-7 യുദ്ധവിമാനങ്ങളും നാല് ജെ-11 യുദ്ധവിമാനങ്ങളുമാണ് ചൈന യുദ്ധസജ്ജമാക്കി നിര്‍ത്തിയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."