ലുലു ഗ്രൂപ്പിന് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി
കൊച്ചി: ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ 'വൈ ഇന്റര്‍ നാഷനലും' (യു.കെ.) ഇടം പിടിച്ചു. രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേ സമര്‍പ്പിച്ച വിവിധ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് അടുത്തു തന്നെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞി സ്വീകരണം നല്‍കും. മുപ്പതോളം സര്‍ക്കാര്‍ ഏജന്‍സികളുടെ കര്‍ശനമായ ഓഡിറ്റ് പരിശോധനകള്‍ക്ക് വിധേയമായതിനുശേഷമാണ് വൈ ഇന്റര്‍നാഷനലിന് ബഹുമതി നേടാനായത്.
'വൈ ഇന്റര്‍നാഷനല്‍' (യു.കെ.) ലിമിറ്റഡിന് ഈ വര്‍ഷത്തെ രാജ്ഞിയുടെ ബഹുമതി നേടാനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസുഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് തങ്ങളുടെതായ നൂതന സംഭാവനകള്‍ നല്‍കാന്‍ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് സോണില്‍ അനുവദിച്ച പന്ത്രണ്ടര ഏക്കര്‍ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും യൂസുഫലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."