ഇടതുഭരണത്തില്‍ ആരും തടവിലാകുന്ന സാഹചര്യം: ഷാജഹാന്‍
കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ആരും എപ്പോള്‍ വേണമെങ്കിലും തടവിലാകുന്ന സാഹചര്യമാണുള്ളതെന്ന് കെ.എം ഷാജഹന്‍. സബര്‍മതി ഫൗണ്ടേഷന്‍ 'കേരളത്തില്‍ ഭരണകൂട ഭീകരതയോ' ശീര്‍ഷകത്തില്‍ കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുംകുറ്റവാളികള്‍ക്ക് പൊലും ലഭിക്കുന്ന ഭരണഘടനാ അവകാശങ്ങള്‍ പൗരന് നിഷേധിക്കപ്പെടുകയാണ്. സംസ്ഥാനത്തെ അര്‍ധഫാസിസ്റ്റ് ഭീകരാവസ്ഥ പരമ്പരാഗത പ്രതിഷേധങ്ങള്‍കൊണ്ട് മറികടക്കാനാകില്ല. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് തന്നെ ജയിലിലടച്ചത്. പിണറായി വിജയനോട് വ്യക്തിപരമായി വിരോധമില്ല. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ വി.എസ് അച്യുതാനന്ദനെതിരേയും സമരം നടത്തും. രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ളവരെപ്പോലെയാണ് പൊലിസുകാര്‍ പെരുമാറുന്നത്.
ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നടത്തിയത് മഹിജയും ശ്രീജിത്തും ബന്ധുക്കളുമാണ്. സമരവുമായി ബന്ധപ്പെട്ട് കേസെടുക്കുകയാണെങ്കില്‍ അവര്‍ക്കെതിരേയായിരുന്നു കേസെടുക്കേണ്ടത്. കുറ്റമില്ലാതെ ഒരു പൗരനെതിരേ എങ്ങനെ ഗൂഢാലോചന വകുപ്പ് ചേര്‍ക്കാനാകും.
ഇത്തരത്തില്‍ തെളിവില്ലാതെ ഗൂഢാലോചനാ കുറ്റംവരെ ചുമത്തുന്നത് ചെറിയ സൂചനയല്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കെ.സി. ഉമേഷ്ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വി.ജെ മല്ലിക സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."