തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കൊട്ടിഘോഷിച്ച് തുടക്കമിട്ട സൗജന്യ വൈഫൈ നിലച്ചു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ തുടക്കമിട്ട സൗജന്യ വൈഫൈ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായി സൗജന്യ വൈഫൈ ഒരുക്കുന്ന പഞ്ചായത്തെന്ന ഖ്യാതിയും നേടിയിരുന്നു. 2014 നവംബറിലാണ് സൗജന്യ വൈഫൈ സംവിധാനം തൃക്കരിപ്പൂരില്‍ ഒരുക്കിയത്. ആദ്യ കാലത്ത് ഭാഗികമായാണ് വൈഫൈ ലഭ്യമായിരുന്നതെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.
പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 2.75 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. ബി.എസ്.എന്‍.എല്ലിന് രണ്ടു ലക്ഷത്തിലേറെ രൂപ ബില്ലിനത്തിലും നല്‍കി. 2016 ഒക്‌ടോബര്‍ മുതല്‍ ബി.എസ്.എന്‍.എല്ലില്‍ പണമടക്കാതയതോടെ വൈഫൈ സാമഗ്രികള്‍ ബി.എസ്.എന്‍.എല്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു.
നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ എ.ജി.സി ബഷീര്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണു പഞ്ചായത്തില്‍ സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിലാണ് സംവിധാനം ഒരുക്കിയിരുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ വൈഫൈ സംവിധാനമാണ് ആദ്യകാലത്ത് പ്രസിഡന്റ് വാഗ്ദാനം ചെയ്തതെങ്കിലും ബസ് സ്റ്റാന്‍ഡ് പരിസരത്തു മാത്രമാണ് വൈഫൈ ലഭ്യമായത്.
15 മിനുട്ട് നേരമോ അല്ലെങ്കില്‍ 100 എം.ബി ഡാറ്റയോ ഏതാണ് ആദ്യം തീരുന്നത് എന്ന മുറക്ക് കണക്ഷന്‍ നഷ്ടപ്പെടുന്നതായിരുന്നു രീതി. പത്തു മിനുട്ട് കഴിഞ്ഞു വീണ്ടും ഒ.ടി.പി സ്വീകരിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ വൈഫൈ സേവനം ലഭിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."