സുകേഷന് പണം നല്കിയ രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കാന് ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്റെ മധ്യസ്ഥന്‍ സുകേഷ് ചന്ദ്രശേഖറിന് പണം നല്‍കിയതായി ആരോപിച്ചാണ് ഹവാലാ ഇടപാടുകാരെ പൊലിസ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.
സുകേഷിന് ഒരു കോടി രൂപ കൈമാറിയ നാതു സിങ്ങാണ് പിടിയിലായ ഒരാള്‍. തായ്ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലിസ് ഡല്‍ഹി വിമാനത്താവളത്തിലെത്തി പിടികൂടിയത്.
ഡല്‍ഹിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്ത ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യാനായി പൊലിസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'രണ്ടില' ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്ത കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖറിനെ മെയ് 12വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പൊലിസ് കസ്റ്റഡി തീര്‍ന്ന ഇന്നലെ സുകേഷിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് ജഡ്ജി പൂനം ചൗധരി ജുഡിഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്ത ദിനകരനെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ദിനകരന്റെ കൂട്ടാളി മല്ലികാര്‍ജുനയുടെ വീട്ടിലും അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."