തലശ്ശേരിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു
തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ എല്ലാതരം പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ച് കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവിറക്കി.
ഇത്തരത്തിലുള്ള ക്യാരി ബാഗുകള്‍ വില്‍ക്കുവാനോ സൗജന്യമായി നല്‍കാനോ പാടില്ല. പകരം ചണം, തുണി, പേപ്പര്‍ മുതലായവ ഉപയോഗിച്ച് നിര്‍മിച്ച സഞ്ചികള്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കച്ചവട താല്‍പര്യാര്‍ഥം വില്‍ക്കുകയോ സൗജന്യമായി നല്‍കുകയോ ചെയ്യുന്നവരില്‍ നിന്ന് 10,000 രൂപ പിഴ ചുമത്തും. നഗരപരിധിയില്‍ ലൈസന്‍സിന് വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.
ഉത്തരവ് ലംഘിച്ചാല്‍ മുന്നറിയിപ്പ് നോട്ടിസും തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. വീണ്ടും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും സെക്രട്ടറി അറിയിച്ചു. പൊതുചടങ്ങില്‍ ഡിസ്‌പോസബിള്‍ സാധനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാല്‍ അത്തരം സാധനങ്ങള്‍ ചടങ്ങുകളില്‍ ഉപയോഗിച്ചെന്ന് നഗരസഭക്ക് ബോധ്യമായാല്‍ 1000 രൂപ മുതല്‍ 10,000 രൂപ വരെ പിഴയടപ്പിക്കാനും നീക്കമുണ്ട്.
കൂടാതെ അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ പൊതു സ്ഥലങ്ങളില്‍ തള്ളുകയോ ചെയ്യുന്നവരില്‍ നിന്ന് 25000 രൂപ വരെ പിഴയീടാക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."