തളിപ്പറമ്പ് സബ് ജയില്‍ യാഥാര്‍ഥ്യത്തിലേക്ക്
തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദിഷ്ട സബ് ജയിലിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതില്‍ നാലു വര്‍ഷമായി തുടരുന്ന അനിശ്ചിതത്വം നീങ്ങുന്നു. ഒരു മാസത്തിനകം റവന്യൂ വകുപ്പ് സ്ഥലം ജയില്‍ വകുപ്പിന് കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട സബ്ജയിലിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ പി.ടി സന്തോഷിനെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചു.
2013ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സുപ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു തളിപ്പറമ്പ് കേന്ദ്രമാക്കി പുതിയ സബ്ജയില്‍ എന്നത്. ഇതിനു പുറമെ സംസ്ഥാനത്ത് 11 സ്ഥലങ്ങളില്‍ പുതിയ സബ്ജയില്‍ പണിയുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. എന്നാല്‍ തളിപ്പറമ്പില്‍ സ്ഥലപരിശോധനക്കപ്പുറം ഒന്നും നടക്കാതെ ഉപേക്ഷിക്കപ്പെട്ട നിര്‍ദേശം എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും സജീവമാക്കിയിരിക്കയാണ്. കൂത്തുപറമ്പിലെ പഴയ പൊലിസ് സ്‌റ്റേഷന്‍ സബ്ജയിലായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് പുറകില്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച 8.70 ഏക്കര്‍ സ്ഥലമാണ് സബ്ജയിലിന് വേണ്ടി കണ്ടെത്തിയത്.
ഈ സ്ഥലം അടിയന്തിരമായി ജയില്‍ വകുപ്പിന് കൈമാറുന്നതിന് 2013ല്‍ തന്നെ അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി തിരുവനന്തപുരം ലാന്റ് ബോര്‍ഡിന് കൈമാറിയിരുന്നു.
ദ്രുതഗതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങവേ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജയില്‍ ഡി.ജി.പിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഇവിടെ ജില്ലാ ജയില്‍ തന്നെ നിര്‍മിക്കുമെന്നും 2015ന് മുമ്പ് പണി പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു. അന്ന് ആദ്യഗഡുവായി അഞ്ച് കോടി രൂപയാണ് ജയില്‍ വകുപ്പ് ഇതിനായി മാറ്റിവച്ചത്. തളിപ്പറമ്പില്‍ ജില്ലാ ജയില്‍ ആവശ്യമില്ലെന്നാണ് ജയില്‍ വകുപ്പിന്റെ പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."