വടകരയില്‍ പോരിനു വീറു കൂട്ടാന്‍ രക്തസാക്ഷി കുടുംബങ്ങളും
കോഴിക്കോട്: പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വടകര മണ്ഡലത്തില്‍ ചര്‍ച്ചയായി രക്തസാക്ഷികളും രക്തസാക്ഷി കുടുംബങ്ങളും. കഴിഞ്ഞ ദിവസം ആര്‍.എം.പിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചതിനു പിന്നാലെ 91 കുടുംബങ്ങളെ പങ്കെടുപ്പിച്ച് നാളെ സി.പി.എമ്മും രക്തസാക്ഷി കുടുംബ സംഗമം സംഘടിപ്പിക്കും. വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിക്കുന്ന പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്. ആര്‍.എം.പി ഇന്ന് ഓര്‍ക്കാട്ടേരിയില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ രക്തസാക്ഷി കുടുംബ സംഗമം സംഘടിപ്പിക്കുന്നുമുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍ എത്തിയതോടെ മണ്ഡലത്തില്‍ ചര്‍ച്ചയായ കൊലപാതക രാഷ്ട്രീയമാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും സജീവമായി നില്‍ക്കുന്നത്. സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വടകരയിലെത്തിച്ച് അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചാരണം നടത്താനാണ് യു.ഡി.എഫും ആര്‍.എം.പിയും ശ്രമിച്ചത്. കാസര്‍കോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ രക്ഷിതാക്കളെ ഉള്‍പെടെ വടകരയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലയും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കി ജയരാജനെതിരേയുള്ള പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു ആര്‍.എം.പിയും യു.ഡി.എഫും. എന്നാല്‍ അക്രമത്തിന്റെ ഇരയാണ് താനെന്ന വാദവുമായാണ് ജയരാജന്‍ ഈ ആരോപണങ്ങളെ നേരിട്ടത്. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അക്രമത്തില്‍ കൊല്ലപ്പെട്ട 91 സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെ രംഗത്തിറക്കാന്‍ സി.പി.എം തീരുമാനിച്ചത്.
വികസനത്തിനും ദേശീയ രാഷ്ട്രീയത്തിനുമേറെ വടകര മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത് കൊലപാതക രാഷ്ട്രീയമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ഓരോ തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമായും ചൂണ്ടിക്കാട്ടുന്നതും കൊലപാതക രാഷ്ട്രീയമാണ്. കണ്ണൂര്‍ ജില്ലയില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായ 150ലേറെ കുടുംബങ്ങള്‍ വടകര മണ്ഡലത്തിലെ തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലുണ്ട്. കൂടാതെ അക്രമരാഷ്ട്രീയം അശാന്തി വിതച്ച നാദാപുരവും കുറ്റ്യാടിയുമെല്ലാം ഈ മണ്ഡലത്തിന്റെ ഭാഗവുമാണ്. ഇതുവരെ മണ്ഡലം കാണാത്തത്ര ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇരു മുന്നണികളും കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള കുറ്റപ്പെടുത്തലുകളാണ് വടകരയില്‍ നടത്തുന്നത്. അന്തിമമായി ഇതില്‍ ജനം എങ്ങനെ വിധിയെഴുതുമെന്നാണ് ഇനി അറിയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."