രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുതെന്നും ഹിന്ദു മുസ്ലിം മൈത്രി തകര്‍ക്കാതെ തന്നെ ഒരുപാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിര്‍മിക്കാന്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍. അതിന് വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര സാഹോദര്യത്തിന് തടസ്സം നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാന്‍ നമുക്ക് കഴിയണമെന്നും അബുല്‍കലാം ആസാദിന്റെ പ്രശസ്തവചനം കുറിപ്പില്‍ ഓര്‍മപ്പെടുത്തിയാണ് തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ എന്നദ്ദേഹം ആശംസിക്കുന്നത്.
ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ് സാമൂഹികമായ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതെന്ന് തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഭിന്നതക്ക് പ്രാധാന്യം നല്‍കിയവര്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചതെന്നും അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ്
തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!
'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്മീനാറിന്റെ മുകളില്‍ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്ലിം മൈത്രിയായിരിക്കും.''
സ്വാതന്ത്ര സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടുമായിരുന്ന അബുല്‍കലാം ആസാദിന്റെ പ്രസിദ്ധമായ വചനങ്ങളാണിത്.
ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് മൈത്രിയും പരസ്പര വിശ്വാസവും അനിവാര്യതകളില്‍ പ്രധാനപ്പെട്ടതാണ്.
അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പരസ്പരം യോജിപ്പ് മാത്രമല്ല ഭിന്നതകളും ജൈവിക സ്വാഭാവമാണ്.
എന്നാല്‍ ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ് സാമൂഹികമായ പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്.
ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഭിന്നതക്ക് പ്രാധാന്യം നല്‍കിയവര്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത്.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഗാന്ധി വധത്തിനു ശേഷം നടന്ന ദേശീയദുരന്തം എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനായിരുന്നു.
ശേഷം ഇരുപത്തി ഏഴ് വര്‍ഷത്തെ നിയമപേരാട്ടം നടന്നു. ഇരുകക്ഷികള്‍ തമ്മില്‍ ചര്‍ച്ചകളുടെ പരമ്പരകളുമുണ്ടായി. കുറേ നല്ല മനുഷ്യര്‍ മധ്യസ്ഥരായി നിന്നു.
അവസാനം കഴിഞ്ഞ വര്‍ഷം കോടതി വിധി പറഞ്ഞു.
വിഗ്രഹം സ്ഥാപിച്ചതും, മസ്ജിദ് തകര്‍ത്തതും തെറ്റായിരുന്നു എന്ന് കോടതി വിധി പ്രസ്താവനയില്‍ രേഖപ്പെടുത്തി.
അവിടെ തന്നെ ക്ഷേത്രം നിര്‍മിക്കാം എന്നു കൂടി പറഞ്ഞത് യുക്തി രാഹിത്യമാണെന്ന് ബോധ്യപെട്ടെങ്കിലും വിധിയെ മുസ്ലിം സമൂഹവും, മതേതര ചേരിയും അംഗീകരിച്ചു. പള്ളിയുണ്ടായിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കാനും മുസ്ലിം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ വേറെ ഭൂമി കണ്ടെത്തി നല്‍കാനും കോടതി വിധിച്ചു.
രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് അവരാണ് ക്ഷേത്രം നിര്‍മിക്കേണ്ടത് എന്നും കോടതി വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചു.
മുസ്ലിം പക്ഷത്ത് കേസ് നടത്തിയിരുന്ന ഉത്തരപ്രദേശ് സുന്നി വഖഫ്‌ബോര്‍ഡും ഇതംഗീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു.
ഭിന്നത ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണ്.
ഭിന്നതയുടേയും പ്രകോപനങ്ങളുടേയും പുതിയ രാഷ്ട്രീയ വാതായനങ്ങള്‍ അവര്‍ തുറക്കാന്‍ ശ്രമിക്കുകയാണ്.
വളരെ പെട്ടെന്ന് മനുഷ്യ വികാരത്തെ ത്രസിപ്പിക്കുന്ന ഒന്നാണ് മതം. ഇവിടെ രാഷട്രീയ നേട്ടങ്ങള്‍ക്കുള്ള ഉപകരണമാക്കി മതത്തെ മാറ്റുകയാണ്.
ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നമ്മുടെ രാഷ്ട്രപിതാവ് രാമ ഭക്തനായിരുന്നു. വെടിയേറ്റ് വീഴുമ്പോഴും മഹാത്മാഗാന്ധി വിളിച്ചത് ഹരേ റാം എന്നായിരുന്നു. വിവിധ രചനകളിലായി വിവിധ ദേശങ്ങളില്‍ ധാരാളം രാമായണങ്ങളുണ്ട്. മുസ്ലിംങ്ങള്‍ ഏറെയുള്ള മലബാറില്‍ മാപ്പിള രാമായണമുണ്ടായത് സൗഹാര്‍ദത്തിന്റെ സ്വാധീന ഫലമാണ്.
കിളിപ്പാട്ട് രാമായണമെഴുതിയ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും,രാമചരിത മാനസം എഴുതിയ തുളസീദാസിനും അവരുടെ ജീവിതകാലത്ത് മുസ്ലിം സമൂഹം നല്‍കിയ പിന്തുണ ചരിത്രത്തിലെ നമ്മുടെ മൈത്രിയുടെ പൈതൃകമാണ്.
ഹിന്ദു മുസ്ലിം മൈത്രി തകര്‍ക്കാതെ തന്നെ ഒരുപാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിര്‍മിക്കാന്‍ കഴിയും.
അതിന് വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര സാഹോദര്യത്തിന് തടസ്സം നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ..
'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാന്‍ നമുക്ക് കഴിയണം'.
മതമൈത്രിയുടെ പാഠങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കള്‍.
തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."