പിന്തുണ രാഹുല്‍ ഗാന്ധിക്കെന്ന് പട്ടികജാതി-വര്‍ഗ സമാജം
കല്‍പ്പറ്റ: ജില്ലയിലെ ദുര്‍ബലരായ ആദിവാസി പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് അഖില കേരളാ പട്ടികജാതി- വര്‍ഗ സമാജം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വയനാട്ടില്‍ 1,53,031 ആദിവാസികളും 42,576 പട്ടികജാതി കുടുംബങ്ങളുമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വന്തമായി വീടും തൊഴിലുമില്ലാത്തവരാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് വന്ന സുപ്രിം കോടതി ഉത്തരവ് കാരണം പത്ത് ലക്ഷത്തോളം ആദിവാസികളാണ് പെരുവഴിയിലാകുക. 2006ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ഭേദഗതിയാണ് ആദിവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. വയനാട്ടില്‍ മാത്രം 45,000 ആദിവാസി കുടുംബങ്ങള്‍ വീടും ഭൂമിയുമില്ലാതെ തെരുവിലിറങ്ങേണ്ടി വരും. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് കോണ്‍ഗ്രസ് സര്‍ക്കാരിനേ സാധിക്കൂവെന്നും യോഗം വിലയിരുത്തി. പട്ടിക വിഭാഗക്കാരെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലുടനീളം ജാതിയുടേയും മതത്തിന്റെയും പേരില്‍ കൊല ചെയ്യപ്പെടുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പട്ടിക വിഭാഗക്കാര്‍ക്കായി യാതൊരു പുതിയ പദ്ധതികളും നടപ്പിലാക്കിയിട്ടില്ല. നിലവിലുള്ള പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയില്‍ ഭരണമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. കല്‍പ്പറ്റ കെ.ജി ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. മുത്തോറന്‍ അധ്യക്ഷനായി. കെ. ബാലന്‍ എടക്കര, ശിവന്‍ നിലമ്പൂര്‍, നാരായണന്‍ വെറ്റിലപ്പാറ, സി. ബാലന്‍, പി. അജിത തിരുവമ്പാടി, എസ്. രാജേഷ്, എം. ബാലന്‍, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീശന്‍, സെക്രട്ടറി കെ.എം ഭാസ്‌കരന്‍, സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കെ.പി ഗോപാലന്‍, കെ.പി കോരന്‍, പുരുഷോത്തമന്‍ മടക്കിമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."