തൊണ്ടിക്കുഴ സ്‌കൂളില്‍ വീണ്ടും മോഷണം
ഇടവെട്ടി: തൊണ്ടിക്കുഴ സ്‌കൂളിലും സമീപത്തെ അങ്കണവാടിയിലും മോഷണം. രണ്ടിടത്തും അടുക്കള വാതില്‍ തകര്‍ത്തു. രണ്ട് മാസത്തിനിടെ സ്‌കൂളിലുണ്ടാകുന്ന അഞ്ചാമത്തെ മോഷണമാണിത്. സ്‌കൂള്‍ അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന അങ്കണവാടിയുടെ അടുക്കളയുടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാവ് 9 കിലോ കടല, നാലര കിലോ പയര്‍, 2 കിലോ ശര്‍ക്കര, ഗ്യാസ് അടുപ്പിന്റെ രണ്ട് ബര്‍ണര്‍ എന്നിവയും കവര്‍ന്നു.
വാതിലിന്റെ ഓടാമ്പല്‍ അകത്തിയാണ് ഉള്ളില്‍ കടന്നിരിക്കുന്നത്. അങ്കണവാടിയുടെ ഗെയിറ്റ് കഴിഞ്ഞ ആഴ്ച ആരോ തകര്‍ത്തിരുന്നു. കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം പോലും തിളപ്പിക്കാനാകാതെ വന്നതോടെ വീട്ടില്‍ നിന്ന് ഭക്ഷണം അടക്കം പാചകം ചെയ്തുകൊണ്ട് വരികയാണെന്ന് അങ്കണവാടി വര്‍ക്കര്‍ ഇന്ദിര കുമാരി പറഞ്ഞു.
വെള്ളിയാഴ്ച ആണ് അങ്കണവാടി അടച്ചത്. അവധി കഴിഞ്ഞ് ഇന്നലെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിന് എതിര്‍വശത്തായി ഉള്ള സ്‌കൂളിന്റെ അടുക്കളയും സമാനമായി തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
സ്‌കൂള്‍ അടച്ച സമയത്ത് ഇവിടെ ഉണ്ടായിരുന്ന സാധനങ്ങള്‍ അധ്യാപകര്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഏഴാം ക്ലാസിന്റെ ഭിത്തി തുരക്കാനും ശ്രമം നടന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് സ്ഥലത്തെത്തിയിരുന്നു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷണം തുടര്‍ക്കഥയായിട്ടും പ്രതിയെ കണ്ടെത്തുന്നതിന് പൊലിസിന് സാധിച്ചിട്ടില്ല. സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിക്കുന്ന തരത്തിലുള്ള ഈ മോഷണ പരമ്പര തുടരുമ്പോഴും നാട്ടുകാരും പഞ്ചായത്ത് അധികൃതരും മൗനം തുടരുകയാണ്. സ്‌കൂളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം. സമീപത്ത് ക്ഷേത്രം ഉള്ളതിനാല്‍ ഗെയിറ്റുകള്‍ അടക്കാറില്ല. ഇതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉള്ളില്‍ കയറാവുന്ന സ്ഥിതിയാണുള്ളത്. മുമ്പ് മദ്യപാന കേന്ദ്രമായിരുന്ന ഇവിടെ മതില്‍ പണിതതോടെ കുറഞ്ഞിരുന്നു.
പൊലിസ് നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നാണ് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ് വ്യക്തമാക്കുന്നത്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ യാതൊരു സഹകരണവും ഇല്ലെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."