സി.പി.ഐ-സി.പി.എം തര്‍ക്കം പരിഹരിച്ചു: കോടിയേരി
തിരുവനന്തപുരം: സി.പി.ഐ-സി.പി.എം തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടികള്‍ക്കുണ്ടാകാം.
നേരത്തേ ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇരുപാര്‍ട്ടികളിലുമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്ന് പരസ്യ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ തര്‍ക്കങ്ങളില്ല. അഭിപ്രായപ്രകടനങ്ങള്‍ മുന്നണി ബന്ധത്തിന് ശക്തിയുണ്ടാകുന്ന തരത്തിലായിരിക്കണമെന്ന് ഘടകകക്ഷികള്‍ ഓര്‍ക്കണം. ശത്രുപക്ഷത്തിന് മുതലെടുക്കാന്‍ കഴിയുന്നതരത്തില്‍ പ്രശ്‌നങ്ങളെ എത്തിക്കരുത്. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണം. സി.പി.ഐയും സി.പി.എമ്മും ഈ കാലഘട്ടത്തില്‍ ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ വിവിധ ഘടകകക്ഷികളുമായി പ്രാദേശിക ധാരണയ്ക്ക് ശ്രമം ആരംഭിക്കും. മെയ് 15 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും.
പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കൃത്യമായി നടപ്പാക്കുക, സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്തമാസം 25 മുതല്‍ ഒരാഴ്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തകരും ഇതില്‍ പങ്കുചേരണം. സര്‍ക്കാര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പുതിയ ഭവന പദ്ധതിയായ 'ലൈഫ് ' എല്ലാവര്‍ക്കും വീട് നല്‍കാന്‍ വേണ്ടിയാണ്. ഹരിതകേരളം പദ്ധതി, ആശുപത്രി നവീകരണം എന്നിവയും നടപ്പാക്കും. ഓരോ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുമുള്ള ഒരു ജലസ്രോതസ്സ് ശുചിയാക്കുകയെന്ന പദ്ധതിയും നടപ്പാക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. വയനാട്ടില്‍ പട്ടികവര്‍ഗക്കാര്‍ക്ക് 5,000 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."