മലയാളി വിദ്യാര്‍ഥികളെ 'ബീഫ് തീറ്റക്കാര്‍' എന്നാരോപിച്ച് മര്‍ദ്ദിച്ചു; പിന്നാലെ ജമ്മു യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബീഫ് കറിയുടെ മെനു പോസ്റ്റ് ചെയ്തു
സാംബ: ജമ്മു യൂനിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളെ വംശീയമായി അധിക്ഷേപിച്ച് മര്‍ദ്ദിച്ചതിനു പിന്നാലെ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. പശുവിറച്ചി തിന്നുന്നവരും ദേശവിരുദ്ധരുമാണെന്ന് പറഞ്ഞ് സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടന എ.ബി.വി.പി പ്രവര്‍ത്തരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ഇതിനു പ്രതികാരമായെന്നോണം ഇന്നലെയാണ് യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക്‌ചെയ്യപ്പെട്ടത്. കേരളാ സൈബര്‍ വേരിയേഴ്‌സ് ആണ് ഹാക്ക്‌ചെയ്തത്. ഹാക്ക്‌ചെയ്തതിനു പിന്നാലെ സൈബര്‍ വാരിയേഴ്‌സിന്റെ ലോഗോ പ്രസിദ്ധീകരിച്ചതിനൊപ്പം, ബീഫ് കറി എങ്ങിനെ ഉണ്ടാക്കാം എന്നു വ്യക്തമാക്കുന്ന കുറിപ്പ് ചിത്രസഹിതം പോസ്റ്റ്‌ചെയ്യുകയുമുണ്ടായി. മണിക്കൂറുകളോളം തകരാറിലായ വെബ്‌സൈറ്റ് ഇന്നു പുനസ്ഥാപിച്ചിട്ടുണ്ട്.
[caption id="attachment_723974" align="aligncenter" width="630"] വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ബീഫ് കറിയുടെ മെനു[/caption]
വെള്ളിയാഴ്ച ആര്‍ട് ഫെസ്റ്റ് നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സര്‍വകലാശാലയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സര്‍വീസിന് വലിയതുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചതില്‍ കോളജ് അധികൃതര്‍ മലയാളി വിദ്യാര്‍ഥികളോട് ശത്രുതയോടെയാണ് പെരുമാറുന്നതെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ആക്രമണം. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും ഹോസ്റ്റല്‍വാര്‍ഡനും ഇടപെട്ട് പൊലിസില്‍ പരാതി നല്‍കാനുള്ള നീക്കം തടയുകയായിരുന്നുവെന്നും ആരോപണമുണ്ട്. പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും ഇരുവരും ഭീഷണിമുഴക്കി. മലയാളി വിദ്യാര്‍ത്ഥികള്‍ വിഷയം കേരളാ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് ഐമ നിഷേധിച്ചു. കേരളത്തില്‍ നിന്നുള്ള എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടതെന്നും അവര്‍ക്ക് സൗജന്യമായി ഭക്ഷണവും മദ്യവും വേണമെന്നും തങ്ങളെ ആരും ചോദ്യംചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് അവര്‍ക്കെന്നും അദ്ദേഹം ആരോപിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിഷയത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."