ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാകുന്നു; മണിക്കൂറുകള്‍ക്കിടയില്‍ അഞ്ച് അപകടങ്ങള്‍
മലപ്പുറം: വിഷുപ്പിറ്റേന്ന് ജില്ല കണി കണ്ടുണര്‍ന്നത് അപകടങ്ങളിലേക്ക്. വിവിധയിടങ്ങളിലായി അഞ്ചോളം വാഹനാപകടങ്ങളാണ് ഇന്നലെ ജില്ലയിലുണ്ടായത്. അപകടങ്ങളില്‍ ആറ് പേര് മരണപ്പെടുകയും ചെയ്തു. രാവിലെ ആറോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മലപ്പുറം കൂട്ടിലങ്ങാടിയിലാണ് ആദ്യ അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ മരണപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം 8.30ന് കോട്ടക്കല്‍ പാലച്ചിറമാടില്നിന്നു വീണ്ടും അപകടവാര്ത്തയെത്തി. പഞ്ചസാര ലോറി മറിഞ്ഞായിരുന്നു ഇവിടെ അപകടം.
ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്ക് മാത്രമേയുള്ളൂ എന്ന് ആശ്വസിക്കുന്നതിനിടെ ഇവിടെ വീണ്ടും അപകടമുണ്ടായി. ലോറി മറിഞ്ഞതറിഞ്ഞ് നിരവധി പേര് പാലച്ചിറമാട് വളവിലെത്തിയിരുന്നു. ഇവര്‍ക്കിടയിലേക്ക് സിമന്റുലോറിയും കാറും പാഞ്ഞുകയറിയാണ് അടുത്ത അപകടമുണ്ടായത്. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പെരുമണ്ണ ചിനക്കല്‍ സ്വദേശി ആമപ്പാറക്കല്‍ ലളിത (53), പരപ്പനങ്ങാടി പള്ളിപുറത്ത് സഫ്വാന്(20), മിനി ലോറി ഡ്രൈവര്‍ താനൂര്‍ സ്വദേശി അക്ബര്‍ (28), പാലച്ചിറമാട് അരിക്കുചോല സഫ്വാന് (14), കര്‍ണാടക സ്വദേശി സാംബാജ്(35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് മുന്‍പാണ് ഈ അപകടങ്ങളെല്ലാം സംഭവിച്ചത്. ഉച്ചക്ക് ശേഷം വീണ്ടും അപകട വാര്‍ത്തയെത്തി. വൈകീട്ട് പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച വാര്‍ത്തയായിരുന്നു അത്.
തിരൂര്‍ മീനടത്തൂരിലും വൈകീട്ട് അപകടമുണ്ടായി. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ബാലനാണ് ഇവിടെ മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ താനൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങി മരിച്ചതും ഇന്നലെ നൊമ്പര വാര്‍ത്തയായി. വിഷു ആഘോഷിക്കാനായിരുന്നു ഇരുവരും ഇവിടെയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."