അമ്മയെ തിരയുന്ന മക്കള്‍; ചോരയില്‍ പിടഞ്ഞും ചലനമറ്റും കുട്ടികള്‍
കൊണ്ടോട്ടി: കരളലയിപ്പിക്കുന്ന കാഴ്ചകള്‍. പലരും വിങ്ങിപ്പൊട്ടി, രക്തത്തില്‍ കുളിച്ച് കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ. രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍ക്ക് കാണേണ്ടിവന്നത് നൊമ്പരക്കാഴ്ചകളേറെ. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ മരണസംഖ്യ കൂടുകയാണ്. ആദ്യം രണ്ട് മരണത്തിന്റെ വിവരമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഒരു മണിക്കൂറില്‍ ഇത് പതിനാലായി.
വിമാനത്തില്‍ നിന്ന് ചിതറി വീണ യാത്രക്കാരേയും വിമാന ജീവനക്കാരേയും മുഴുവനായും ആശുപത്രിയിലെത്തിക്കാനായത് നാട്ടുകാരുടേയും എയര്‍പോര്‍ട്ട് അതാറിറ്റി, പൊലിസ് ഉന്നതാധികാരികളുടേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ്. അപകടത്തില്‍ ഏറെ ദൂരേക്ക് തെറിച്ചവരെ പലപ്പോഴും നിലവിളി കേട്ടാണ് കണ്ടെത്താനായത്. പരുക്കേറ്റവരും ഒന്നും പറ്റാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അമ്മയെ വിളിച്ച് കരയുന്ന കൈക്കുഞ്ഞ് മുതല്‍ മാതാവിനെ തിരയുന്ന മകന്‍ വരെ അപകട സ്ഥലത്തെ നൊമ്പരമായി.
വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ദുബൈയില്‍ നിന്ന് വിമാനം എത്തിയത്. കൊവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൂടുതല്‍ പേരും. വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ പേര്‍ക്ക് ഗുരുതര പരുക്കാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരവുമാണ്. അപകടത്തില്‍ പരുക്കേറ്റവരെയും മരിച്ചവരെയും ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."