മലപ്പുറത്തുനിന്ന് പിഞ്ചോമനയെ അനന്തപുരിയിലെത്തിച്ചു
തിരുവനന്തപുരം: 352 കിലോമീറ്റര്‍ അഞ്ച് മണിക്കൂര്‍ ഹൃദയം കൊണ്ടളന്ന് വീണ്ടും കേരളം. സംസ്ഥാനമൊട്ടാകെ പ്രാര്‍ഥനയോടെ വീണ്ടുമൊരുമിച്ചപ്പോള്‍ ഒരായുസിന്റെ പ്രതീക്ഷയുമായി അവര്‍ തിരുവനന്തപുരം ശ്രീചിത്രയിലെത്തി.
പെരിന്തല്‍മണ്ണ കിങ്സ് അല്‍ഷിഫാ ഹോസ്പിറ്റലില്‍ നിന്നും ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന മൂന്നുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് അടിയന്തര ചികിത്സയ്ക്കായി അവര്‍ ആംബുലന്‍സിലെത്തിയത്.
മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ് - ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവഗുരുതരാവസ്ഥയിലു ലുള്ള കുഞ്ഞിനെ എത്രയും പെട്ടെന്നു ശ്രീചിത്രയിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.
തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുവന്നത്.
ഇന്നലെ വൈകിട്ട് 5.40 നാണ് കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍നിന്നും യാത്ര തിരിച്ചത്.
352 കിലോമീറ്റര്‍ ദൂരമാണ് അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് പിന്നിട്ടത്. അത്യാസന്ന നിലയിലുള്ള കുട്ടിയുമായി വന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വന്നു.
കഴിഞ്ഞ ദിവസം ഹൃദ്രോഗമുള്ള 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് എത്തിയിരുന്നു.
രാവിലെ 10ന് മംഗലാപുരത്തുനിന്ന് ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് അവിടെ സൗകര്യമൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."